Image Credit: Instagram/jis.jose

Image Credit: Instagram/jis.jose

  • 'ഞങ്ങളില്ലേ.. ഞാന്‍ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീര്‍ക്കാം. രണ്ടുപേരെയും ഞാന്‍ വിളിക്കാം. ഞാന്‍ തീരുമാനമെടുക്കാം. ഒരു മകനാണ് പറയുന്നത് തീരുമാനമുണ്ടാക്കാമെന്ന്, അഴിക്ക് ചേട്ടാ'

ഇടുക്കിയില്‍ ജീവിതം അവസാനിപ്പിക്കാന്‍ കഴുത്തില്‍ കുരുക്കിട്ട് നിന്ന മധ്യവയസ്കനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് പൊലീസ്.  ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ബിബിനും സഹപ്രവര്‍ത്തകരുമാണ് ഉത്രാടദിനത്തില്‍ ജീവന് കാവലാളുകളായത്. പൊലീസുകാരുടെ സ്നേഹത്തിനും കരുതലിനും മുന്നില്‍ അയഞ്ഞ് ആത്മഹത്യാശ്രമം ഉപേക്ഷിച്ച വര്‍ഗീസിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

വീടിന്‍റെ ജനലിലൂടെ അകത്ത് നില്‍ക്കുന്നയാളോട് പൊലീസുകാര്‍ സംസാരിക്കുന്നതാണ് വിഡിയോ. 'ഒരു പത്ത് മിനിറ്റ് ഞങ്ങള്‍ക്ക് തരാമോ, വര്‍ഗീസേട്ടാ, ഒരു പത്ത് മിനിറ്റ് താ. കഴുത്തീന്ന് അതങ്ങ് അഴിക്ക്. 10 മിനിറ്റ് ഞങ്ങളെയൊന്ന് കേള്‍ക്ക്. ഞങ്ങളില്ലേ.. ഞാന്‍ വന്നിട്ട് രണ്ട് ദിവസമേ ആയുള്ളൂ. എന്ത് പ്രശ്നമുണ്ടേലും നമുക്ക് തീര്‍ക്കാം. രണ്ടുപേരെയും ഞാന്‍ വിളിക്കാം. ഞാന്‍ തീരുമാനമെടുക്കാം. ഒരു മകനാണ് പറയുന്നത് തീരുമാനമുണ്ടാക്കാമെന്ന്, അഴിക്ക് ചേട്ടാ..എല്ലാ സഹായവും ചെയ്തുതരാം. ബാ'..സ്നേഹവും കരുതലും പ്രതീക്ഷയും നിറഞ്ഞ ആ വിളിയില്‍ വര്‍ഗീസ് കഴുത്തിലെ കുരുക്കഴിച്ചു. നിറഞ്ഞൊഴുകിയ കണ്ണുകള്‍ തുടച്ചു. നിലത്തേക്കിറങ്ങി വാതില്‍ തുറന്നു. ഇതോടെ സബ് ഇന്‍സ്പെക്ടര്‍  ബിബിന്‍ അകത്തേക്ക് കയറി. പ്രശ്നമെന്തെന്ന് അന്വേഷിച്ചു. 

ഇതാണ്  പൊലീസെന്നും ഇങ്ങനെ മനുഷ്യത്വത്തോടെ പെരുമാറാനും കണ്ണീരൊപ്പാനും കഴിയുമ്പോഴാണ് ശരിക്കും ജനമൈത്രിയാകുന്നതെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. മകനെപ്പോലെ നിന്നൊരാള്‍ വിളിച്ച് പ്രശ്നം പരിഹരിക്കാമെന്ന് പറയുമ്പോള്‍ ആരാണ് അലിയാത്തതെന്നും കമന്‍റുകളിലുണ്ട്. നിരവധിപ്പേരാണ് പൊലീസുകാരുടെ സമയോചിത ഇടപെടലിനെ പ്രശംസിക്കുന്നത്. 

ENGLISH SUMMARY:

Police officers in Idukki, Kerala, earned widespread acclaim after successfully persuading a middle-aged man named Varghese out of committing suicide on the day of Uthradam. Sub-Inspector Bibin and his team from the Idukki police station arrived at the scene and spoke to Varghese through a window, pleading with him like family to remove the noose from his neck. SI Bibin promised to resolve his personal issues and stand by him like a son, convincing Varghese to discard the noose and open the door. The emotional rescue video went viral across social media platforms, with citizens praising the officers for demonstrating true compassionate and people-friendly policing.