അഞ്ചു വയസ്സുള്ള മകളെ കനാലിലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ സ്വദേശി ഷിജുവാണ് പിടിയിലായത്. ഭാര്യയുമായുള്ള തർക്കത്തിനൊടുവിൽ പ്രകോപിതനായാണ് ഇയാൾ പിഞ്ചുകുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞത്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ സന്ദർഭോചിതമായി ഇടപെട്ട് കുട്ടിയെ ഉടൻ തന്നെ രക്ഷപ്പെടുത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.
മദ്യലഹരിയിലായിരുന്ന ഷിജു, താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ആക്രോശിച്ചുകൊണ്ടാണ് കുഞ്ഞിനെയും എടുത്തുകൊണ്ട് വീട്ടിൽ നിന്നിറങ്ങിയത്. കനാലിൽ വെള്ളം തുറന്നുവിട്ടിരുന്ന സമയമായതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ വെള്ളത്തിലേക്ക് എറിഞ്ഞതിന് പിന്നാലെ അമ്മ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതിയെ പൊലീസ് വേഗത്തിൽ കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും രണ്ടാം വിവാഹമാണെന്നും വീട്ടിൽ നിരന്തരം കലഹങ്ങൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കനാലിലെ വെള്ളത്തിൽ വീണതിന്റെ ആഘാതത്തിലും ഭയപ്പാടിലുമാണ് കുട്ടിയിപ്പോഴുള്ളത്.