കൊച്ചി വൈറ്റിലയിൽ കൊല്ലപ്പെട്ട യുവതിയുടെ തലയില്‍ ആഴത്തിലുള്ള മുറിവെന്ന് പൊലീസ്. മരണകാരണം തലയ്ക്കേറ്റ ഗുരുതരപരുക്ക്. മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിന്‍റെ പാടുകളുമുണ്ട്.പൊന്നുരുന്നി സ്വദേശി ഷാജിയാണ് പിടിയിലായത്. കോട്ടയം ചിങ്ങവനം സ്വദേശി സുധ ബേബിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു.
മുൻ ഹൈക്കോടതി ജീവനക്കാരനായിരുന്ന ഷാജിയും കൊല്ലപ്പെട്ട സുധയും തമ്മിൽ സൗഹൃദത്തിലായിരുന്നു.ഇന്നലെ രാത്രി 11 മണിയോടെ വൈറ്റില റെയിൽവേ മേൽപ്പാലത്തിനെ താഴെ സുധയുമായി എത്തിയ ഷാജി കൊലപാതകം നടത്തുകയായിരുന്നു. ട്രെയിൻ തട്ടിയുള്ള മരണം എന്നു വരുത്താൻ മൃതദേഹം റെയിൽവേ പാളത്തിൽ കിടത്തി ഷാജി കടന്നു കളഞ്ഞു. പുലർച്ചെ സമീപത്തെ ട്രാക്കിലൂടെ പോയ അമൃത എക്സ്പ്രെസിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കിടക്കുന്നത് വിവരം പൊലീസിനെ അറിയിക്കുന്നത്.
പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന് നിഗമനത്തിലേക്ക് എത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശൃങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാക്കനാട് നിന്നാണ് ഷാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. കല്ലുപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിന് കാരണം.