അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതി. നാഗര്‍കോവില്‍ ജങ്ഷന്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്ത 31കാരനാണ് കുറ്റസമ്മതം നടത്തിയത്. നാഗര്‍കോവില്‍ യാഡില്‍ ഈ മാസം 18നാണ് ട്രെയിനിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 11നാണ് ഈ ട്രെയിന്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചത്.
Also Read: 'ഞങ്ങള്‍ക്കുണ്ടെങ്കില്‍ തരുമായിരുന്നു, മനസിലാക്കണം'; തമിഴ്നാടിന് നല്‍കാന്‍ വെള്ളമില്ലെന്ന് ഡി.കെ
ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ കാതെറിന്‍ സുജാതയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. നവംബര്‍ 14നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചൊരാള്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള കോച്ചില്‍ നിന്നും പുറത്തിറങ്ങിവരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ചെന്‍പഗരമണ്‍പുത്തൂര്‍ സ്വദേശിയായ ജെ. അയ്യപ്പന്‍ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത് ഇതാണ്, രാത്രി പന്ത്രണ്ടരയോടെ പ്ലാറ്റ്ഫോം നമ്പര്‍ അഞ്ചിലൂടെ നടക്കുകയായിരുന്ന യുവതിയെ ഇയാള്‍ കോച്ചിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.