കാണാതായ പെണ്‍കുട്ടിയെ കണ്ടെത്താനായി പൊലീസ് സ്റ്റേഷനില്‍ എസ്ഐയുടെ നേതൃത്വത്തില്‍ പൂജ. തമിഴ്നാട് വിഴുപ്പുറത്തെ പൊലീസ് സ്റ്റേഷനിലാണ് ഗണപതി ഹോമം നടത്തിയത്. സത്യമംഗലം സ്റ്റേഷനിൽ കാക്കിയിട്ട ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഗണപതിഹോമത്തിന് ഒരുക്കങ്ങള്‍ നടത്തിയത്.
Also Read: നൂഡില്‍സ് കഴിച്ചതിന് പിന്നാലെ ഏഴുവയസുകാരിക്ക് ദാരുണാന്ത്യം; സഹോദരി ആശുപത്രിയില്‍
കുട്ടിയുടെ ബന്ധുക്കളെയും പൂജയില്‍ പങ്കെടുപ്പിച്ചു. കാക്കിയിട്ട എസ്ഐയും മറ്റ് പൊലീസുകാരും ഹോമകുണ്ഡത്തിനു ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക പ്രാർഥനകളും പൊലീസ് സ്റ്റേഷനിൽ നടത്തി.
ഒക്ടോബർ 12 നാണ് പ്രദേശത്തുള്ള 7 വയസുകാരിയായ ഹേമാവതിയെ കാണാതായത്. ജന്മദിനം ആഘോഷിച്ച് രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ രാവിലെ ഉറക്കമുണര്‍ന്നു നോക്കിയപ്പോള്‍ കണ്ടില്ല. ശുചിമുറി പുറത്തായതിനാല്‍ പരിസരത്തെല്ലാം നോക്കിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് എട്ടു സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തി.
ഇതിനിടെ പ്രദേശത്തുനിന്നും ഒരു അസ്ഥികൂടം കണ്ടെത്തിയെങ്കിലും അതിനെക്കുറിച്ചും പൊലീസിന് തുമ്പൊന്നും കിട്ടിയിരുന്നില്ല. കുട്ടിയെ കാണാതായി ഒന്നര മാസമായിട്ടും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ പറ്റാതായതോടെ പൊലീസിനെതിരെ പ്രദേശവാസികളില്‍ നിന്നും വലിയ പ്രതിഷേധം ഉയർന്നു. ഡിഎംകെയുടെ നേതൃത്വത്തിലും പ്രതിഷേധം ശക്തമായതോടെയാണ് എസ്ഐയും കൂട്ടരും പൂജ നടത്താന്‍ തീരുമാനിച്ചത്.
തനിക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടെന്നും പൊലീസ് സ്റ്റേഷനും പരിസരത്തും ചില പ്രശ്നങ്ങളുണ്ടെന്നും പൂജ നടത്തിയ എസ്ഐ സുരേഷ് ബാബു പറയുന്നു. ദോഷങ്ങള്‍ മാറ്റാനാണ് താന്‍ ഗണപതിഹോമം നടത്തിയതെന്നാണ് അദ്ദേഹത്തിന്റെ വാദം.
എന്നാല്‍ ശാസ്ത്രീയമായി കുറ്റാന്വേഷണം നടത്തേണ്ട പൊലീസ് സ്റ്റേഷനില്‍ പൂജ നടത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. വിഷയം വലിയ രാഷ്ട്രീയ വിവാദമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഡിഎംകെ.