File Image credit: AFP

  • പ്രദേശവാസികളുടെ കൂട്ടായ്മയായ നാ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ടാസ്കിങില്‍ ചൈനീസ് പട്ടാളമെത്തിയെന്ന വിവരം ആദ്യം പുറത്തുവിട്ടത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നും അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതികരണം

അരുണാചല്‍പ്രദേശില്‍ വന്‍തോതില്‍ ചൈനീസ് നുഴഞ്ഞുകയറ്റമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ ബോസിറാം ശ്രീറാം. അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ 40 മുതല്‍ 50 കിലോ മീറ്ററോളം സ്ഥലത്തേക്ക് ചൈനീസ് പട്ടാളം അതിക്രമിച്ച് കയറിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. അതേസമയം, അത്തരമൊരു സ്ഥിരീകരിച്ച വിവരം തനിക്ക് ലഭിച്ചിട്ടില്ലെന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു.

അതിര്‍ത്തിയില്‍ ഓഗസ്റ്റ് 26 മുതല്‍ 29 വരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശനം നടത്തിയെന്നും ഇറ്റാനഗറില്‍ നിന്ന് നാച്ചോ വഴി ലൈംകിങിലും ടാസ്കിങിലുമെത്തിയെന്നും അവിടെയുള്ള നാട്ടുകാര്‍ നല്‍കിയ വിവരമാണിതെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് പട്ടാളം 40–50 കിലോമീറ്റര്‍ വരെ കയറി എത്തിക്കഴിഞ്ഞു. ഇടയ്ക്കിടെ അവരെത്തി തങ്ങാറുണ്ട്. അവര്‍ മലമുകളിലാണുള്ളത്, നമ്മള്‍ താഴ്​വാരത്തും'- അദ്ദേഹം പറഞ്ഞു. 

ജൂണില്‍ പ്രദേശവാസികളുടെ കൂട്ടായ്മയായ നാ വെല്‍ഫെയര്‍ സൊസൈറ്റിയാണ് ടാസ്കിങില്‍ ചൈനീസ് പട്ടാളമെത്തിയെന്ന വിവരം ആദ്യം പുറത്തുവിട്ടത്. എന്നാല്‍ ഇത് വസ്തുതാ വിരുദ്ധമാണെന്നും അടിസ്ഥാന രഹിതമാണെന്നുമായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതികരണം. ഓഗസ്റ്റില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലും, ചില തന്ത്ര പ്രധാന സ്ഥലങ്ങളില്‍ ഇന്ത്യന്‍ പട്രോള്‍ തടസപ്പെട്ടുവെന്ന് വിവരം പുറത്തുവിട്ടു. 60 കിലോ മീറ്ററോളം ചൈന നുഴഞ്ഞുകയറിയെന്ന വാദം തള്ളിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജു, പക്ഷേ ചൈനീസ് സാന്നിധ്യം അതിര്‍ത്തിയില്‍ വര്‍ധിച്ചുവെന്ന് സ്ഥിരീകരിച്ചു.

നുഴഞ്ഞുകയറ്റം സര്‍ക്കാര്‍ നിഷേധിക്കുന്നുവല്ലോയെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ 'നുഴഞ്ഞുകയറ്റം നടന്നിട്ടില്ലെങ്കില്‍ നാട്ടുകാര്‍ നിരന്തരം പരാതി പറയുന്നതെന്താണ്? ഇത് അഭ്യൂഹമായി തള്ളിക്കളയാതെ കൃത്യമായ അന്വേഷണം നടത്തുകയാണ് വേണ്ടത്. അതിര്‍ത്തിയിലെ ശത്രുസാന്നിധ്യം അഭ്യൂഹമെന്ന് തള്ളുകയല്ല വേണ്ടത്. രാജ്യത്തിന്‍റെ സുരക്ഷയെയും അതിര്‍ത്തിയിലെ ജനങ്ങളുെട ജീവന്‍റെയും പ്രശ്നമാണിത്. ഓണ്‍ലൈന്‍ ഭൂപടങ്ങളില്‍ പല പ്രദേശങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. അസാഫില പ്രദേശം പൂര്‍ണമായും നഷ്ടമായി. തന്ത്ര പ്രധാനമായ സ്ഥലങ്ങള്‍ ഉള്‍പ്പടെ ഉയര്‍ന്ന പ്രദേശങ്ങള്‍ വന്‍തോതില്‍ ചൈന കയ്യടക്കി. കേന്ദ്രസര്‍ക്കാരും പ്രതിരോധ മന്ത്രാലയവും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ വര്‍ക്കിങ് പ്രസിഡന്‍റും മുന്‍ ആഭ്യന്തരമന്ത്രിയുമായ ടാങ്ക ബെയ്​ലിങ്, അപ്പര്‍ സുബാന്‍സിരി എംപി ജര്‍ദൂം ക്രി എന്നിവരാണ് ശ്രീറാമിനൊപ്പം അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

ENGLISH SUMMARY:

Congress leader and former Arunachal Pradesh education minister Bosiram Siram has alleged that Chinese troops have intruded 40–50 kilometres into Indian territory in the Upper Subansiri district. He said the claims were based on information provided by local residents during a Congress delegation’s visit to border areas between August 26 and 29, and called for a thorough investigation. Arunachal Pradesh Chief Minister Pema Khandu said he had not received any confirmed information about such an incursion, while the Indian Army had earlier dismissed reports of Chinese troops reaching Taksing as baseless