ഡി.കെ.ശിവകുമാര്‍ (ഇടത്), എച്ച്.ഡി.കുമാരസ്വാമി (വലത്)

  • . 'ഞങ്ങളുടെ കുടുംബം നശിച്ചു കാണണമെന്ന ആഗ്രഹക്കാരന്‍ നിലവിലെ മുഖ്യമന്ത്രി അല്ലാതെ മറ്റാരുമല്ല. പല ഗൂഢാലോചനയും ഒരുക്കി. അതിലൊന്നാണ് 600 കോടിയുടെ ഇടപാട്. അദ്ദേഹമാണിതിന് പിന്നിലെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്'– കുമാരസ്വാമി

തന്നെയും പാര്‍ട്ടിയെയും ഒളിക്യാമറ ഓപ്പറേഷനിലൂടെ തീര്‍ത്തുകളയാന്‍ കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ആഭ്യന്തര മന്ത്രി പ്രിയാങ്ക് ഖര്‍ഗെയും കൂടി പദ്ധതിയിട്ടുവെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി. 600 കോടി രൂപയുടെ ഡീലാണ് എച്ച്.ഡി.ദേവഗൗഡയുടെ കുടുംബത്തെ ഒതുക്കിക്കളയാന്‍ ഇരുവരും ചേര്‍ന്നൊരുക്കിയതെന്നും കുമാരസ്വാമി ആരോപിച്ചു. 'ഞങ്ങളുടെ കുടുംബം നശിച്ചു കാണണമെന്ന ആഗ്രഹക്കാരന്‍ നിലവിലെ മുഖ്യമന്ത്രി അല്ലാതെ മറ്റാരുമല്ല. പല ഗൂഢാലോചനയും ഒരുക്കി. അതിലൊന്നാണ് 600 കോടിയുടെ ഇടപാട്. അദ്ദേഹമാണിതിന് പിന്നിലെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്'– കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. Also Read: അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

താനോ തന്‍റെ പാര്‍ട്ടിയോ ഒരു സ്റ്റിങ് ഓപ്പറേഷനെയും പേടിക്കുന്നവരല്ലെന്നും രംഗനാഥസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം അദ്ദേഹം വിശദീകരിച്ചു. എന്ത് വന്നാലും നേരിടാനുള്ള കരുത്ത് ജനതാദള്‍ എസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മിഷന്‍ റിക്രൂട്ട്മെന്‍റിലെ അപാകത മറച്ചുവയ്ക്കാനാണ് ഡികെ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. Read More: 'ഇവിടെ കന്നഡിഗരാണ് വലിയവര്‍, ബാക്കിയെല്ലാം പിന്നെ'; മുന്നറിയിപ്പുമായി ഡി.കെ.ശിവകുമാര്‍

അതേസമയം, കുമാരസ്വാമിയുടെ ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. സ്റ്റിങ് ഓപ്പറേഷനിലൂടെ മന്ത്രിമാരെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ മന്ത്രിമാര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്റ്റിങ് ഓപ്പറേഷന്‍ സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് പ്രിയാങ്ക് ഖര്‍ഗെയും പറഞ്ഞിരുന്നു. 80 ശതമാനം അന്വേഷണവും പൂര്‍ത്തിയായെന്നായിരുന്നു പ്രിയാങ്ക് പ്രതികരിച്ചത്. എന്നാല്‍ കെപിഎസ്​സി അഴിമതിയുടെ 90 ശതമാനവും സര്‍ക്കാര്‍ വിദ്ഗധമായി മറച്ചുവെന്നായിരുന്നു കുമാരസ്വാമി ഇതിന് മറുപടി നല്‍കിയത്.

കുമാരസ്വാമിയുടെ വിശ്വസ്തര്‍ അദ്ദേഹത്തെ വിട്ട് ഓടിപ്പോയതിന്‍റെ കാരണമെന്തെന്ന് പ്രിയാങ്ക് നേരത്തെ പരിഹസിച്ചിരുന്നു. ഇതോടെ 'ആരാണ് ഓടിപ്പോയത്? ആര്‍ക്കാണ് ഓടിപ്പോകേണ്ടത്? എന്തിനാണ് അവരോടിപ്പോകേണ്ടത്? മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഷെട്ടിയും കോണ്‍ഗ്രസ് നേതാവ് കൃപ ആല്‍വയുമാണ് കോണ്‍ഗ്രസിന് വേണ്ടി സ്റ്റിങ് ഓപറേഷന് ചുക്കാന്‍ പിടിച്ചത്. സിദ്ധരാമയ്യയുടെയും യതീന്ദ്രയുടെയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. എന്നിട്ട് ആ പഴി ജനതാദളിന് മേല്‍ വയ്ക്കാനാണ് ഡികെയും ഖര്‍ഗെയും ശ്രമിക്കുന്നത്'– കുമാരസ്വാമി തിരിച്ചടിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പോലും അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറയുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ 2023 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്റ്റിങ് ഓപറേഷന്‍ നടത്തിയതെന്നും ഡികെയ്ക്കും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇക്കാര്യത്തില്‍ കൃത്യമായ അറിവുണ്ടായിരുന്നുവെന്നും തന്റെ പാര്‍ട്ടിയെ ഇപ്പോള്‍ അതിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കുമാരസ്വാമി ആരോപിച്ചു. 

ENGLISH SUMMARY:

Union Minister H.D. Kumaraswamy has accused Karnataka Chief Minister D.K. Shivakumar and Home Minister Priyank Kharge of conspiring to target him and his family through a sting operation. He alleged that a deal worth ₹600 crore was planned to damage the reputation of the H.D. Deve Gowda family. Kumaraswamy also claimed that the state government was attempting to divert attention from alleged irregularities in Karnataka Public Service Commission recruitment. The Congress has not yet responded to his allegations, while the investigation into the alleged sting operation is reportedly underway.