Congress party Karnataka state chief D. K. Shivakumar listens to his party president Mallikarjun Kharge during a press conference after their win in Karnataka state elections in Bengaluru, India, Saturday, May 13, 2023. Elections in India's southern state of Karnataka were held on May 10. (AP Photo/Aijaz Rahi)
കര്‍ണാടകയില്‍ കന്നഡിഗര്‍ കഴിഞ്ഞിട്ടേ മറ്റാര്‍ക്കും സ്ഥാനമുള്ളൂവെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. കന്നഡിഗരെ തഴയാന്‍ ആരെങ്കിലും, ഏതെങ്കിലും സ്വകാര്യ കമ്പനികള്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡികെ മുന്നറിയിപ്പ് നല്കി. ഐടി മേഖലയിലെ ജോലികളില്‍ നിന്ന് കന്നഡിഗകളെ ഒഴിവാക്കുന്നുവെന്ന് യുവതി വിഡിയോയിലൂടെ ആരോപിച്ചതിന് പിന്നാലെയാണ് ഭാഷാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കര്‍ണാടകയില്‍ താന്‍ അനുവദിക്കില്ലെന്ന് ഡികെ ഐടി കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. 'കന്നഡിഗരെ ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ തഴയുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍ക്കാര്‍ കയ്യും കെട്ടി നോക്കിയിരിക്കില്ല. കര്‍ണാടകയില്‍ കന്നഡിഗരാണ് എല്ലാം. അവരുടെ അവകാശങ്ങള്‍, അന്തസ്സ്, അവസരങ്ങള്‍ എന്നിവ ഒന്നിന്റെയും പേരില്‍ തടയാന്‍ അനുവദിക്കില്ല'- അദ്ദേഹം എക്സില്‍ കുറിച്ചു.
ഇന്ത്യയുടെ ഐടി തലസഥാനമാണ് ബെംഗളൂരുവെന്നും അത് കന്നഡിഗകരുടെ അഭിമാനം കൂടിയാണെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. 'കന്നഡിഗരുടെ കഴിവില്‍, പ്രതിഭയില്‍ നൈപുണ്യത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. കന്നഡിഗരുടെ ശബ്ദമായിരിക്കും ഈ സര്‍ക്കാര്‍. അവരുടെ ക്ഷേമത്തിനായി നിലകൊള്ളും' –ഡി.കെ. വ്യക്തമാക്കി.
കര്‍ണാടകയിലെ ഐടി കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ കന്നഡ മാതൃഭാഷയായി വച്ചവരെ ഇന്റര്‍വ്യൂ റൗണ്ടിലെത്തുമ്പോള്‍ തഴയുകയാണെന്നായിരുന്നു യുവതി വിഡിയോയില്‍ ആരോപിച്ചത്. കന്നഡിഗര്‍ക്ക് പകരം തമിഴ്,തെലുങ്ക് ഭാഷക്കാരെയാണ് കമ്പനികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്നതെന്നും തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരെ കുറഞ്ഞ ശമ്പളത്തിന് ജോലിക്കെടുക്കുകയാണെന്നും യുവതി ആരോപിച്ചു. ബെംഗളൂരുവിലെ കോളജുകളില്‍ ക്യാംപസ് ഇന്റര്‍വ്യൂ നടക്കുന്നില്ലെന്നും മുഖ്യമന്ത്രി ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നുമായിരുന്നു ആവശ്യം. വിഡിയോ പ്രമുഖ കന്നഡ ആക്ടിവിസ്റ്റായ രുപേഷ് രഞ്ജന എക്സില്‍ പങ്കുവച്ചതോടെ വൈറലായി. തുടര്‍ന്നാണ് ഡികെ ഇടപെട്ടത്.
2024 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ ഇടപെട്ട് കര്‍ണാടകയിലെ സ്വകാര്യ മേഖലയിലെ ജോലികളില്‍ പ്രാദേശിക സംവരണം ഏര്‍പ്പെടുത്താന്‍ കരട് ബില്‍ കൊണ്ടുവന്നെങ്കിലും വ്യവസായികളില്‍ നിന്നുള്ള എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.