മൈസൂരില്‍ ദസറ ആഘോഷത്തിനിടെ ദലിത് മന്ത്രിമാരെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി വിവാദത്തില്‍. മൈസൂരു കൊട്ടാരത്തിലെ ആചാരപരമായ ചടങ്ങുകൾ നടക്കുന്ന സ്ഥലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് മൂന്ന് മന്ത്രിമാരെ പൊലീസ് ഉദ്യോഗസ്ഥൻ തടയുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് മന്ത്രിമാരെ പൊലീസ് തടഞ്ഞത്.
ബുധനാഴ്ച, ദസറയുടെ പ്രധാന ആകർഷണമായ 'ജംബൂ സവാരി' ഘോഷയാത്രയ്ക്കിടെയാണ് സംഭവം. നന്ദിധ്വജ പൂജ നിർവഹിക്കുന്നതിനായി മുഖ്യമന്ത്രി മുന്നോട്ട് നീങ്ങിയിരുന്നു. മുഖ്യമന്ത്രിക്ക് തൊട്ടുപിന്നാലെ നടന്നുനീങ്ങിയ മന്ത്രിമാരായ ശിവരാജ് തങ്കടകി, പി.എം. നരേന്ദ്രസ്വാമി, കെ.എസ്. ബസവന്തപ്പ എന്നിവരെയാണ് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എസ്പി സി.ബി. ഋഷ്യാന്ത് തടഞ്ഞത്.
ഇതേത്തുടർന്ന് മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മുഖ്യമന്ത്രി തന്നെ ഇടപെട്ട്, മന്ത്രിമാരെ കടത്തിവിടാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ കോൺഗ്രസ് സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളായ ബിജെപിയും ജെഡിഎസും രംഗത്തെത്തി. മന്ത്രിമാർ ദലിത് വിഭാഗത്തിൽപ്പെട്ടവരായതിനാലാണ് അവരെ മനഃപൂർവം ലക്ഷ്യം വെച്ചതെന്നും അപമാനിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. സർക്കാരിന്റെ സമത്വവാദം വെറും പ്രസംഗങ്ങളിൽ മാത്രമാണൊതുങ്ങുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
സംഭവത്തിലെ ജാതി വിവേചനമെന്ന ആരോപണത്തെ ഉപമുഖ്യമന്ത്രി ജി. പരമേശ്വര തള്ളിക്കളഞ്ഞു. ഇത് തരംതാണ ചിന്താഗതി ആണെന്ന് അദ്ദേഹം പറഞ്ഞു. വൻ ജനത്തിരക്കുള്ള ചടങ്ങിൽ കർശനമായ സുരക്ഷാ പ്രോട്ടോക്കോൾ നടപ്പിലാക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. തെറ്റ് സംഭവിച്ചിട്ടില്ല എന്ന് പറയില്ലെന്നും എന്നാല്‍ ഇത്തരം ചെറിയ വീഴ്ചകളെ വലിയ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടു. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച്, സുരക്ഷാ വീഴ്ചയെക്കുറിച്ച് കൃത്യമായി അന്വേഷിക്കാനും, കാരണക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തി അച്ചടക്ക നടപടിക്കായി റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.