കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന ദസറ ആഘോഷത്തിന്‍റെ സമാപന ദിവസം മെഗാ ഡ്രോൺ ഷോ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ജവഹർ സ്റ്റേഡിയത്തിൽ ഇതിനായി തയ്യാറെടുപ്പുകളും നടത്തിയിരുന്നു. മൈസൂർ ദസറയിൽ ഡ്രോൺ ഷോ നടത്തുന്ന സംഘമാണ് കണ്ണൂരിലും സംഘടിപ്പിക്കുന്നത് എന്നും കോർപ്പറേഷൻ അവകാശപ്പെട്ടിരുന്നു. എന്നാല്‍ സംഭവം മൊത്തത്തിൽ പാളി എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമായിരുന്നു ഡ്രോൺ ഷോ നടന്നത്. എന്നാല്‍ പ്രതീക്ഷിച്ചപോലെയല്ലായിരുന്നു ഷോ എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ കമന്റുകൾ സൂചിപ്പിക്കുന്നത്. ‘കഴിഞ്ഞ 10 ദിവസമായി കണ്ണൂരിൽ വിജയകരമായി നടത്തിവന്ന ദസറ ആഘോഷം ഒറ്റ നിമിഷം കൊണ്ട് കുളമാക്കി’ എന്ന തരത്തില്‍ പരിഹാസ കമന്‍റുകളാണ് നിറയുന്നത്. അഞ്ചു മിനിറ്റ് നേരം മാത്രമായിരുന്നു ഡ്രോൺ ഷോ എന്നും ആളുകൾ പറയുന്നു.

‘ജയിലറിൽ മോഹൻലാൽ ഇതിൽ കൂടുതൽ സമയം ഉണ്ടായിരുന്നു, ജയിലർ ആയിരുന്നു ഭേദം’ എന്നാണ് മറ്റൊരു പരിഹാസ കമന്റ്. ‘ഡ്രോൺ ഷോ ഫ്രം മീഷോ, ഈ കാശൊക്കെ ഡിവൈഡറിൽ  പെയിൻറ് അടിക്കാൻ ഉപയോഗിച്ചിരുന്നെങ്കിൽ അതെങ്കിലും ബാക്കിയുണ്ടാകുമായിരുന്നു, ഒരു ആന ഒരു തെങ്ങ് ഒരു താങ്ക്സ് ഇന്ദിര ഡ്രോൺ ഷോ 3G, ഒരു മിന്നായം പോലെ’– തുടങ്ങി ഒട്ടേറെ പരിഹാസ കമൻറുകൾ ആണ് ഇൻസ്റ്റഗ്രാം പോസ്റ്റുകൾക്ക് താഴെ നിറയുന്നത്. നാട്ടുകാരാകെ മണിക്കൂറുകൾ ബ്ലോക്കിൽ വലഞ്ഞത് വെറുതെയായി എന്നും ചിലർ പറയുന്നു. അതേസമയം, ഒന്‍പത് ദിവസം വിജയകരമായി പരിപാടി നടത്തിയത് ആരും കാണുന്നില്ല എന്നും കമന്റുകൾ ഉണ്ട്.

ആളുകളുടെ അമിത പ്രതീക്ഷയാണ് നിരാശയ്ക്ക് കാരണമെന്നാണ് കോർപ്പറേഷൻ അധികൃതരുടെ മറുപടി. 12 മിനിറ്റാണ് ഡ്രോൺ ഷോ നടത്തിയത്. 500 ഡ്രോണുകൾ ഉണ്ടായിരുന്നു. മൈസൂർ ദസറയ്ക്ക് സാധാരണ 3500 ൽ അധികം ഡ്രോണുകൾ ഉണ്ടാകാറുണ്ട്. സാധാരണ 15 മിനിറ്റ് ഒക്കെയാണ് ഡ്രോൺ ഷോ ഉണ്ടാകാറുള്ളത് എന്നും കോർപ്പറേഷൻ അധികൃതർ പറയുന്നു.

ENGLISH SUMMARY:

The mega drone show organized as part of the concluding ceremony of the Kannur Corporation Dasara festival at Jawahar Stadium faced heavy backlash and social media trolling. Netizens expressed disappointment over the brief duration and visual output of the show, which was previously hyped as being presented by the team behind the Mysore Dasara drone show. Social media was flooded with sarcastic comments comparing the event's duration to brief movie cameos and criticizing the traffic jams caused in the city. Responding to the backlash, Kannur Corporation authorities explained that high public expectations led to the disappointment, clarifying that 500 drones were deployed for a standard 12-minute show, unlike Mysore Dasara which utilizes over 3,500 drones.