ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയുമായി ബന്ധപ്പെട്ട് പുതിയ രാഷ്ട്രീയ വിവാദം. രാഹുൽ വിയറ്റ്നാമിലേക്ക് യാത്ര ചെയ്യുന്നതായി അവകാശപ്പെടുന്ന വിമാനത്തിനുള്ളിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് വിവിധ രാഷ്ട്രീയ വിഷയങ്ങളും പ്രതിഷേധങ്ങളും സജീവമായിരിക്കുന്നതിനിടയിലാണ് രാഹുലിന്‍റെ വിദേശ യാത്രയെന്നാരോപിച്ച് ബിജെപി രൂക്ഷ വിമർശനവുമായി എത്തിയിരിക്കുന്നത്.

‘ക്ഷീണിച്ചുപോയോ?’ എന്ന പരിഹാസത്തോടെയാണ് ബിജെപി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ‘നുണകൾ പ്രചരിപ്പിച്ച് മടുത്തു. കുറച്ചു നേരം ഞാൻ വിയറ്റ്നാം ചുറ്റിക്കാണട്ടെ, ഇത് ആരും അറിയാൻ പോകുന്നില്ലല്ലോ’ എന്ന് കുറിച്ച് ബിജെപി ഇന്ത്യയുടെ എക്സ് ഹാന്‍ഡിലിലും ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി ജനകീയ വിഷയങ്ങളിൽ നിന്നും സമരങ്ങളിൽ നിന്നും ഒളിച്ചോടുകയാണെന്നും, പാർട്ടിയുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിദേശയാത്രകൾ പതിവാക്കിയിരിക്കുകയാണെന്നും ബിജെപി ആരോപിക്കുന്നു.

‘നോക്കൂ, രാഹുൽ എല്ലാ തവണയും ഇങ്ങനെയാണ് ചെയ്യുന്നത്. ബിഹാറിൽ ഒരു യാത്ര നടത്തിക്കഴിഞ്ഞാൽ അദ്ദേഹം രണ്ടുമാസത്തേക്ക് അവധിക്കായി വിദേശത്തേക്ക് പോകും. ഒരുപക്ഷേ അദ്ദേഹം അന്നും വിയറ്റ്നാമിലേക്കായിരിക്കും പോയത്, ഇത്തവണയും അദ്ദേഹം വിയറ്റ്നാമിലേക്ക്’ ബിജെപി വക്താവ് ആർപി സിങ് പറഞ്ഞു. രാഹുലിന് രാഷ്ട്രീയപരമായുള്ള ഇത്രയധികം കഠിനാധ്വാനം താങ്ങാൻ കഴിയില്ലെന്നും ഇടയ്ക്കിടെ അദ്ദേഹം അവധിക്കായി ഒളിച്ചോടുകയാണെന്നും ബിജെപി പരിഹസിക്കുന്നു.

‘രാഹുൽ ഗാന്ധിക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. അദ്ദേഹത്തിന് എത്രത്തോളം കഠിനാധ്വാനം ചെയ്യാൻ കഴിയും? വോട്ട് ചോരി വിഷയം ഒരു ഒഴിവുകഴിവ് മാത്രമാണ്. അദ്ദേഹം എത്രത്തോളം അലസനാണെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ അദ്ദേഹത്തിന്റെ വിനോദയാത്ര വീണ്ടും ആരംഭിച്ചിരിക്കുന്നു. രണ്ടാഴ്ച പോലും പൂര്‍ണമായി അധ്വാനിക്കാന്‍ ഇത്തവണ രാഹുലിന് കഴിഞ്ഞട്ടില്ല. അപ്പോഴേക്കും യാത്രയായി’– ബിജെപി നേതാവ് ഷാസിയ ഇൽമി പരിഹസിച്ചു.

അതേസമയം, ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതികണവുമായി രംഗത്തെത്തി. രാഷ്ട്രീയ എതിരാളികൾ സ്വകാര്യതയിലേക്ക് കടന്നുകയറുകയും വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയുമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം എന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

‘ആര് എവിടേക്കാണ് യാത്ര ചെയ്യുന്നത്? ഇതാണോ വിഷയം? മറ്റുള്ളവർ പുറത്തേക്ക് യാത്ര ചെയ്യുന്നില്ലേ? രാഹുൽ ഗാന്ധി ഒരു വ്യക്തിയാണ്, പ്രതിപക്ഷ നേതാവാണ്; അദ്ദേഹത്തിന് ഉത്തരവാദിത്തങ്ങളുണ്ട്. അദ്ദേഹം യേൽ സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുന്നു, ലണ്ടനിലെ വിദ്യാർഥികളുമായി സംവദിക്കുന്നു... ഇനി പ്രധാനമന്ത്രി ചെയ്യാത്ത ഒരു കാര്യം കൂടി ചെയ്യുന്നുണ്ട്, അദ്ദേഹം മാധ്യമങ്ങളോടും സംവദിക്കുന്നു’– കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ലോക്സഭാ സമ്മേളനകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളെയും സന്ദീപ് ചൂണ്ടി കാണിച്ചു. എന്തുകൊണ്ടാണ് ആ സമയത്ത് ചോദ്യങ്ങളൊന്നും ഉയരാത്തതെന്നും സന്ദീപ് ചോദിക്കുന്നു.

ENGLISH SUMMARY:

Leader of the Opposition Rahul Gandhi's alleged trip to Vietnam has sparked a fresh political controversy as the BJP shared a video of him onboard an aircraft. The BJP slammed Gandhi for taking a foreign vacation amid domestic political protests, mocking him for allegedly evading national responsibilities and public struggles. In response, the Congress party strongly condemned the personal attacks and intrusion into private life, accusing the BJP of using distractions to divert attention from pressing issues. Congress leaders also pointed out that Prime Minister Narendra Modi frequently undertakes foreign visits without facing similar scrutiny from political rivals.