Image credit: facebook/amalunnithan

കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ ഷാഫി പറമ്പിലിനെ തുണച്ച് സംസ്ഥാനത്ത് പലയിടങ്ങളിലും ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടതിനെ പരിഹസിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ മകന്‍ അമല്‍. ഫെയ്സ്ബുക്കിലാണ് പി.ആര്‍.ഏജന്‍സിയെ തേടുന്നുവെന്ന പേരില്‍ അമല്‍ കുറിപ്പിട്ടത്. ചായകുടിച്ചാല്‍ ജനകീയനാക്കണം.നാടുനീളെ ഫ്ലക്സും ബാനറും ഉയര്‍ത്തണം. ഇതിനെല്ലാം കഴിയുന്നവരാകണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്‍മാര്‍ സൈബര്‍ ടീമിനെ നിയന്ത്രിക്കട്ടെയെന്ന ഒളിയമ്പും കുറിപ്പിലുണ്ട്. എത്ര വലിയ പി.ആര്‍.ഏജന്‍സിയാണെങ്കിലും എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുതെന്നും ഫ്ലക്സിന് ആയുസ് കുറവാണെന്നും അമല്‍ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ: അത്യാവശ്യം: ഒരു ബിഗ് ബോസ് മത്സരാർത്ഥിയെ ജനകീയനാക്കാൻ മുന്തിയ ഇനം PR ഏജൻസിയെ തേടുന്നു! ആശാന്റെയും ശിഷ്യന്റെയും PR ഏജൻസികളുടെ മാതൃകയിലും നിലവാരത്തിലുമുള്ള സേവനമാണ് പ്രതീക്ഷിക്കുന്നത്. മത്സരാർത്ഥി തുമ്മിയാൽ വൈറലാക്കണം, കോട്ടുവായിട്ടാൽ ചരിത്രസംഭവമാക്കണം, ചായ കുടിച്ചാൽ ജനകീയനാക്കണം! നാടുനീളെ ഫ്ലക്സും ബാനറും ഉയരണം. പണിയില്ലാതെ നടക്കുന്ന ശിഷ്യന്മാർ സൈബർ ടീമിനെ നിയന്ത്രിക്കട്ടെ… അഡ്മിൻ ഫീസും പ്രത്യേകം തരാം! നെല്ലിക്ക പാക്കേജ് പ്രത്യേകം വേണം! പക്ഷേ നമ്മുടെ ബജറ്റ് കുറച്ചുകൂടി ഉയർന്നതാണ്. അതുകൊണ്ട് നെല്ലിക്കയിൽ ഒതുക്കേണ്ട, ഐഫോണും മറ്റു വിലകൂടിയ സാധനങ്ങളും പാക്കേജിൽ ഉൾപ്പെടുത്താം! പണം ഒരു വിഷയമേയല്ല… ബജറ്റിന് പരിധിയുമില്ല!

ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ച് ജീവിക്കാമെന്നാണോ PR സിദ്ധാന്തം? എത്ര വലിയ PR ഏജൻസിയായാലും കുറച്ച് നിഷ്കളങ്കരായ മനുഷ്യരെ കബളിപ്പിക്കാൻ കഴിഞ്ഞേക്കാം… പക്ഷേ എല്ലാവരെയും എല്ലാക്കാലത്തും കബളിപ്പിക്കാമെന്ന് കരുതരുത്! ഫ്ലക്സിന് ആയുസ്സ് കുറവാണ്, സത്യത്തിന് കാലാവധിയില്ല!

അതേസമയം, കോഴിക്കോട് ഡിസിസി ഓഫിസിന് സമീപവും ക്രിസ്ത്യന്‍ കോളജിന് സമീപവുമാണ് പുലര്‍ച്ചെ ഷാഫിയെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ പേരില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ഇന്നലെ വടകരയിലും കണ്ണൂരിലും ഫ്ലക്സുയര്‍ന്നിരുന്നു.'പ്രവര്‍ത്തകര്‍ക്ക് കവചമൊരുക്കിയതിന്‍റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി, പ്രവര്‍ത്തകര്‍ കൂടെയുണ്ട് എന്നായിരുന്നു ഷാഫിയുടെ ചിത്രം വച്ചുള്ള പോസ്റ്റുകള്‍. രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പരസ്യ വിമര്‍ശനത്തില്‍ ഷാഫി പറമ്പില്‍ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സന്ദീപ് വാരിയര്‍, രമേശ് പിഷാരടി തുടങ്ങിയവരും ഷാഫിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

ENGLISH SUMMARY:

Amal, son of Congress MP Rajmohan Unnithan, has once again mocked Vadakara MP Shafi Parambil over the flex boards put up in his support across Kerala. In a sarcastic Facebook post, Amal took a dig at alleged PR campaigns, saying even ordinary actions such as sneezing or drinking tea are being turned into viral events to project someone as a mass leader. He also questioned the effectiveness of expensive PR agencies, warning that flex boards have a short lifespan while the truth lasts forever. Meanwhile, flex boards supporting Shafi Parambil appeared in Kozhikode, Vadakara and Kannur, with several Youth Congress leaders and public figures expressing solidarity with him.