കോഴിക്കോട് ഷാഫി പറമ്പിലിനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡുകൾ. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്സ് ബോർഡുകൾ. ഡിസിസി ഓഫീസിന് സമീപവും ക്രിസ്ത്യൻ കോളജ് ജംക്ഷനിലുമാണ് ഫ്ലക്സുകൾ സ്ഥാപിച്ചത്. പേരാമ്പ്രയിലെ സംഘർഷത്തിനിടെ ഷാഫി പറമ്പിലിന് പരുക്കേറ്റ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ബോർഡുകൾ തയ്യാറാക്കിയിരിക്കുന്നത്. ‘പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര. ആ ചോരയാണ് ഇതിന് സാക്ഷി’ എന്നാണ് ഫ്ലക്സിലെ വാചകം. നേരത്തെ കണ്ണൂരിലും വടകരയിലും സമാനമായ രീതിയിൽ ഷാഫിക്ക് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ പരസ്യപ്രസ്താവനകളെ തുടർന്നുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാഫിയെ പിന്തുണച്ച് പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. Also Read: പരസ്യപ്രസ്താവനകള്‍ ആരും നടത്തരുത്; കര്‍ശന വിലക്കുമായി കെപിസിസി
അതേസമയം, ഡൽഹിയിലെത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കേരളത്തിലെ കോൺഗ്രസിൽ ഉരുണ്ടു കൂടിയ പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും. ഇന്നോ നാളെയോ കൂടിക്കാഴ്ച ഉണ്ടാകും. വൈദ്യുതി മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. പാർട്ടി, സർക്കാർ ഏകോപനത്തിന് സംവിധാനം വേണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെടുമെന്നാണ് സൂചന. അതേ സമയം ഗ്രൂപ്പുകൾ താൽക്കാലിക വെടി നിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്. പരസ്യ പ്രതികരണം പാടില്ലെന്ന് പാർട്ടി നേതൃത്വം വിലക്കിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനത്തിനായി കാക്കുകയാണ് ഗ്രൂപ്പുകൾ .
ഷാഫി- രാജ്മോഹൻ ഉണ്ണിത്താൻ തർക്കത്തിൽ ഷാഫി പറമ്പിലിനെ പിന്തുണച്ച് എംഎൽഎ രമേഷ് പിഷാരടി. പാർട്ടിക്കുവേണ്ടി പാർട്ടി പറയുന്നതെല്ലാം ചെയ്തു മാത്രമാണ് ഷാഫിക്ക് ശീലം. വടകരയിലേക്ക് പോകാതിരുന്നെങ്കിൽ ഇന്ന് ഷാഫി കേരളത്തിലെ മന്ത്രി ആകുമായിരുന്നു. പദവികളേക്കാൾ ഷാഫി പ്രസ്ഥാനത്തെ സ്നേഹിച്ചുവെന്നും പിഷാരടിയുടെ എഫ്.ബി പോസ്റ്റ്. ആറുമാസം ആയപ്പോഴേക്കും പാർട്ടിയിൽ ഉയരുന്ന അഭിപ്രായപ്രകടനങ്ങൾ നൽകുന്ന അപായ സൂചന കണ്ടില്ലെന്ന് നടിക്കരുത്. വിമർശനങ്ങൾ ആകാം, അത് പരിധിവിടുന്നത് പാർട്ടിക്ക് ഗുണകരമല്ല. വ്യക്തിപരമായ അധിക്ഷേപത്തിലേക്കും അള്ളുവെയ്ക്കലിലേക്കും നീങ്ങിയാൽ കാര്യങ്ങൾ പാർട്ടിക്ക് ഗുണകരമാകില്ല. നേതൃത്വം ഇടപെട്ട് കാര്യങ്ങൾ പരിധി വിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം എന്നും പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചു.