• ആര്‍ച്ച് ബിഷപ് സ്ഥാനം ഒഴിയാന്‍ സിനഡിനു രാജിക്കത്ത് കൈമാറിയെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 75 വയസ് പൂര്‍ത്തിയാകും മുമ്പ് എല്ലാ മെത്രാന്‍മാരും രാജി നല്‍കണമെന്നാണ് സഭയുടെ നിയമം. ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച് ബിഷപ്പിനെ തീരുമാനിക്കും

തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയുന്നതിനായി സിനഡിന് രാജിക്കത്ത് കൈമാറിയെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 75 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് മെത്രാന്‍മാര്‍ രാജി സമര്‍പ്പിക്കണമെന്നാണ് സഭാനിയമം. ജനുവരിയില്‍ ചേരുന്ന സിനഡില്‍ പുതിയ ആര്‍ച്ച് ബിഷപ്പിനെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. കുര്‍ബാന ഏകീകരണം സഭയുടെ തീരുമാനമാണെന്നും അതിനെ എതിര്‍ക്കുന്നത് സഭയുടെ നന്മയ്ക്ക് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ശാരീരികമായി ആക്രമിച്ചവരോടും വിമര്‍ശിച്ചവരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി.

വൈദിക ജീവിതത്തില്‍ അന്‍പതുവര്‍ഷം തികയുകയാണ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 2004 മുതല്‍ 2007 വരെ സഹായമെത്രാന്‍. പിന്നെ, ഇന്നുവരെ ആര്‍ച്ച് ബിഷപ്പായി തൃശൂര്‍ അതിരൂപതയെ നയിച്ചു. സി.ബി.സി.ഐ. പ്രസിഡന്‍റ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍, എറണാകുളം..അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡിമിനസ്ട്രേറ്റര്‍ തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. തൃശൂര്‍ പുതുക്കാട് സ്വദേശിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൗരസ്ത്യ സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 1977 മാര്‍ച്ച് 14ന് മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്വം സ്വീകരിച്ചത്. സഭാനിയമത്തിലുള്ള പ്രാവീണ്യം കാരണം സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ഓര്‍ഡിനറി ട്രൈബ്യൂണലിന്‍റെ അധ്യക്ഷനായിരുന്നു. വിശ്രമജീവിതം തിരഞ്ഞെടുത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് മനോരമ ന്യൂസ് പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് നിഖില്‍ ഡേവീസുമായി നടത്തിയ അഭിമുഖം. 

അന്‍പതു വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തെ എങ്ങനെ നിര്‍വചിക്കാം ?

* സന്തോഷവും സമാധാനവും നിറഞ്ഞതായിരുന്നു. ദൈവം വഴി നടത്തി. ഒരുപാട് കര്‍ത്തവ്യങ്ങള്‍ നല്‍കി. അത് ഭംഗിയായി നടത്താന്‍ ശ്രമിച്ചു. 

എന്തായിരുന്നു വലിയ വെല്ലുവിളി?

* എറണാകുളം, അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവിയായിരുന്നു വലിയ വെല്ലുവിളി. സഹവികാരി മുതില്‍ ആര്‍ച്ച് ബിഷപ്പ് വരെയുള്ള ഔദ്യോഗിക ചുമതലകള്‍ കുഴപ്പമില്ലാതെ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. സഭ ഏല്‍പിച്ച ദൗത്യം പൂര്‍ത്തിയാക്കി. 

കുര്‍ബാന ഏകീകരണത്തിലെ എതിര്‍പ്പുകള്‍ ?

*  എതിര്‍പ്പുകള്‍ ഏറെയുണ്ടായി. വൈദികരും അല്‍മായരും എതിര്‍പ്പുകള്‍ ഉന്നയിച്ചു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ചുമതല തിരുവനന്തപുരത്ത് മെത്രാഭിഷേകത്തിന് പോയപ്പോഴാണ് ഏല്‍പിക്കുന്നത്. 2022 ജുലൈയില്‍. എന്നെ ഇതില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയുമോയെന്ന് ചോദിച്ചു. സഭയുടെ തീരുമാനമാണ്. ഏറ്റെടുക്കാന്‍ പറഞ്ഞു. ജുലൈ മുപ്പതിന് ചുമതലയേറ്റു. അന്നു രാത്രിതൊട്ടേ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. 

വൈദികരോടും അല്‍മായരോടും മനസില്‍ വിദ്വേഷമുണ്ടോ?

* വൈദികരും അല്‍മായരും എതിര്‍പ്പുകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വ്യക്തമാക്കിയത് ഇത് തന്‍റെ തീരുമാനല്ല. മാര്‍പാപ്പ പറഞ്ഞപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നാണ്. വിശ്വാസത്തിനെതിരെ ഒന്നും ഞാന്‍ ചെയ്യില്ല. ആര് എന്ത് പറഞ്ഞാലും. കുര്‍ബാനയുടെ കാര്യം സിനഡിന്‍റെ തീരുമാനമാണ്. അത് എല്ലാവരും അനുസരിക്കണം. ഇപ്പോഴും എതിര്‍പ്പുകളുണ്ട്. ആ എതിര്‍പ്പുകള്‍ സഭയുടെ നന്‍മയ്ക്കല്ല.

വ്യക്തിപരമായ ആക്രമണങ്ങളില്‍ പതറിയോ?

* വ്യക്തിപരമായ ആക്രമണങ്ങള്‍ സമൂഹത്തില്‍ ഇന്ന് എല്ലാവരും നേരിടേണ്ടി വരുന്നുണ്ട്. സഭയും മാര്‍പാപ്പയും ഒരു കാര്യം പറഞ്ഞാല്‍ അതു ചെയ്യുകയെന്നതാണ് കടമ. പല അഭിപ്രായങ്ങളുണ്ടാകാം. എനിക്കെതിരെ ഇപ്പോഴും വിമര്‍ശനം ഉന്നയിക്കുന്നവരുണ്ട്. സഭ പറയുന്നതുപോലെ ഞാന്‍ പ്രവര്‍ത്തിച്ചു. 

വിമര്‍ശകരെ എങ്ങനെ കാണുന്നു?

* യാതൊരു വിദേഷ്വവും അവരോടില്ല. നാലു പ്രാവശ്യം എന്ന ശാരീരികമായി ആക്രമിച്ചു. എല്ലാം ചെയ്തത് സഭയ്ക്കു വേണ്ടിയാണ്. നിലപാടില്‍ ഉറച്ചു നിന്നു. സഭ പറയുന്നതാണ് എന്‍റെ നിലപാട്.

സിനഡിലെ തീരുമാന ഐക്യകണ്ഠേനയാണോ?

* ഇതൊരു ടീം വര്‍ക്കാണ്. സിനഡ് ഒരു തീരുമാനമെടുത്താല്‍ അതാണ് സഭയുടെ തീരുമാനം. ചര്‍ച്ചകള്‍ക്കിടെ പലതും പറയും. ആ തീരുമാനം നടപ്പാക്കുന്നതില്‍ ഒരുപേടിയുമില്ല. സാത്താനോട് മാത്രമാണ് വിരോധം. ഒന്നും വ്യക്പപരമല്ല.

75 വയസ് പൂര്‍ത്തിയാകുകയാണ്?. ആര്‍ച്ച് ബിഷപ്പ് സ്ഥാനം ഒഴിയുകയാണോ?

* സഭയുടെ നിയമത്തില്‍ ഡോക്ടറേറ്റുള്ള ആളാണ് ഞാന്‍. എല്ലാ പിതാക്കന്‍മാരും സഭാനിയമം അനുസരിച്ച് 75 വയസിനു മുമ്പ് സ്ഥാനം ഒഴിയാന്‍ കത്തു നല്‍കണം. മേജര്‍ ആര്‍ച്ച് ബിഷപ്പിന് കത്തു നല്‍കി കഴിഞ്ഞു. ഇനി രാജിക്കത്ത് അംഗീകരിക്കണം. സിനഡിലെ അംഗമായ ഞാന്‍ ഉള്‍പ്പെട്ട  സമിതിയാണ് രാജി അംഗീകരിക്കേണ്ടത്. എന്‍റെ രാജിക്കത്ത് സ്വീകരിക്കാന്‍ പറഞ്ഞിട്ടുണ്ട്.

തൃശൂരില്‍ നിന്ന് പുതിയ ആര്‍ച്ച് ബിഷപ് വരുമോ?

* മെത്രാന്‍മാരെ തിരഞ്ഞെടുക്കുന്നതിന് നിയമമുണ്ട്. സഭ നിയമം പഠിച്ചയാളും പഠിപ്പിക്കുന്നയാളുമാണ് ഞാന്‍. പൗരോഹിത്യം സ്വീകരിച്ച ആരെ വേണമെങ്കിലും മെത്രാനാക്കാം. മാര്‍പാപ്പ ഒരു പട്ടിക അംഗീകരിച്ചു തന്നിട്ടുണ്ട്. ആ പട്ടികയില്‍ നിന്ന് തിരഞ്ഞെടുക്കാം. പുതിയ വൈദികരെ മെത്രാനാക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുമതി വേണം. അംഗീകരിച്ച ലിസ്റ്റില്‍ നിന്ന് ആരെയെങ്കിലും നിയമിക്കാം. ഇല്ലെങ്കില്‍, നിലവിലുള്ള മെത്രാന്‍മാരെ സ്ഥലംമാറ്റാം. 

ജനുവരിയില്‍ അറിയാന്‍ കഴിയുമോ പുതിയ മെത്രാനെ?

* അടുത്ത സിനഡ് ജനുവരിയിലാണ്. ആ സിനഡില്‍ പുതിയ ആര്‍ച്ച ് ബിഷപ്പിനെ തീരുമാനിക്കുമെന്നാണ് പ്രതീക്ഷ. 2004 മുതല്‍ 2007 വരെ സഹായമെത്രാനായും പിന്നെ ആര്‍ച്ച് ബിഷപ്പായും ഞാന്‍ സേവനം അനുഷ്ഠിച്ചു. സഭയുടെ ദര്‍ശനമാണ് വലുത്. വീഴ്ചകളും പോരായ്മകളും ഉണ്ടായിരിക്കാം. സഭയെ നയിക്കാന്‍ എന്നേക്കാള്‍ കഴിവുള്ള ഒരാള്‍ വരും.

മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണിശക്കാരനാണോ?

* ഞാന്‍ അധികം ചിരിക്കില്ലെന്നാണ് പറയുന്നത്. എന്താണെന്നറിയില്ല. ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചതിനോട് നന്ദി പറയുന്നു. നേരെവാ നേരെ പോ എന്നതാണ് ശൈലി. ഒരുതരത്തിലുള്ള അഡ‍്ജസ്റ്റുമെന്‍റുകള്‍ക്കും നില്‍ക്കാറില്ല. സഭയുടെ നിലപാട് പറയും. ആരെന്ത് പറഞ്ഞാലും അതു മാറ്റില്ല. പിന്നില്‍ നിന്ന് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കുന്നയാളല്ല. 

വിശ്രമ ജീവിതം എവിടെ?

* തൃശൂരില്‍തന്നെയുണ്ടാകും. വൈദികര്‍ക്കായി  ഒരുപാടുണ്ട് സ്ഥലങ്ങളുണ്ട്. അവിടെ താമസിക്കും. മാര്‍ ജേക്കബ് തൂങ്കുഴി താമസിച്ച സ്ഥലമുണ്ട്. ചിലപ്പോള്‍ അവിടെയാകും.

ഞാന്‍ ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലേ!. ചിരിച്ചു കൊണ്ടായിരുന്നു ചോദ്യങ്ങള്‍ക്കുള്ള ഈ മറുപടികള്‍. 

ENGLISH SUMMARY:

Archbishop Mar Andrews Thazhath of the Thrissur Archdiocese has submitted his resignation to the Major Archbishop as he approaches the age of 75, in accordance with Church regulations. The resignation is awaiting formal acceptance, and a new Archbishop is expected to be selected during the Syro-Malabar Church Synod scheduled for January. Reflecting on his 50-year priestly journey, Mar Andrews Thazhath discussed his tenure, the challenges of serving as Apostolic Administrator of the Ernakulam-Angamaly Archdiocese, and the controversy surrounding the uniform mode of Holy Mass. He said he had no personal resentment towards his critics despite facing physical attacks on four occasions. He also confirmed that he plans to remain in Thrissur after stepping down.