Image Credit:Facebook/sreenadevig
സിപിഎം സംസ്ഥാന കമ്മിറ്റയംഗവും പത്തനംതിട്ടയിലെ നേതാവുമായി ഉദയഭാനുവിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. ' വെടി വെച്ചവന് കുഴപ്പമില്ല, വെടിയൊച്ച കേട്ട ഞാനാണോ തെളിയിക്കേണ്ടത്‍..? അപ്പോൾ, 'ഓ' ഇച്ചേച്ചിയെയും അനീഷിനെയും വിളിച്ചുകൊണ്ടുവന്ന് ഞാൻ ബോധ്യപ്പെടുത്തുകയാണോ വേണ്ടത്..?' എന്നാണ് ഫെയ്സ്ബുക്കില്‍ ശ്രീനാദേവി പങ്കുവച്ച പോസ്റ്റ്. മൈസൂര്‍ പാക്കിന്‍റെ ചിത്രം പങ്കുവച്ചാണ് കുറിപ്പ്.
കഴിഞ്ഞ ദിവസവും ഉദയാഭാനുവിന്‍റെ ചിത്രം സഹിതം ശ്രീനാദേവി കുഞ്ഞമ്മ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതോടെ 15 ദിവസത്തിനകം പരാമര്‍ശം പിന്‍വലിച്ച് മാപ്പപേക്ഷ ഫെയ്സ്ബുക്കില്‍ തന്നെ ഇടണമെന്നും അല്ലെങ്കില് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ആവശ്യപ്പെട്ട് ഉദയഭാനു വക്കീല്‍ നോട്ടിസ് അയച്ചു.
ഉദയഭാനു പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന സമയത്ത് പഞ്ചായത്തിലെ ഒരു ജീവനക്കാരിയുടെ പെരിങ്ങാടുള്ള വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നുവെന്നും ഇളമണ്ണൂരില്‍ ഉദയഭാനുവിന്‍റെ ഛായയുള്ള ചെറുപ്പക്കാരന് ഉദയഭാനു തന്നെ ജോലി കണ്ടെത്തിക്കൊടുക്കേണ്ടി വന്നുമെന്നും ശ്രീനാദേവി ആരോപിച്ചിരുന്നു. മൈസൂരില്‍ ഇടയ്ക്കിടെ പോകുന്നതെന്തിനാണെന്ന് പാര്‍ട്ടിക്കാരോട് വിശദീകരിച്ചോ എന്നും ഇതെല്ലാം കഴിഞ്ഞിട്ട് പോരെ മറ്റുള്ളവരെ ഓടിക്കുന്നതും പരിപ്പിളക്കുന്നതും പുളിവെള്ളം കുടിപ്പിക്കുന്നതും എന്നായിരുന്നു ശ്രീനാദേവിയുടെ പോസ്റ്റ്.
ശ്രീനാദേവിയുടെ പോസ്റ്റ് തന്‍റെ പ്രതിച്ഛായയ്ക്കും സല്‍പ്പേരിനും കളങ്കം വരുത്തുന്നതാണെന്നും പോസ്റ്റ് നീക്കുകയും പരസ്യമായി മാപ്പ് പറയുകയും വേണമെന്നും അല്ലെങ്കില്‍ നിയമനടപടിയെന്നുമായിരുന്നു ഉദയഭാനുവിന്റെ നോട്ടിസില്‍. പരാതിയില്‍ പൊലീസ് കേസും എടുത്തിരുന്നു.