സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യക്കെതിരായ ബെനാമി ആരോപണത്തിൽ കൃത്യമായി അന്വേഷണം നടത്താതെ പിണറായി സർക്കാർ രക്ഷിച്ചതിന്റെ തെളിവുകൾ മനോരമ ന്യൂസിന്. വിജിലൻസ് നടത്തിയ ആദ്യഘട്ട അന്വേഷണത്തിൽ ബെനാമി ഇടപാട് അന്വേഷിച്ചില്ല. പകരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നൽകിയ നിർമ്മാണ കരാറിൽ വീഴ്ചയുണ്ടോ എന്ന് മാത്രമാണ് പരിശോധിച്ചത്. നടപടിക്രമങ്ങൾ പാലിച്ചാണ് കരാർ നൽകിയതെന്ന് രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഹൈക്കോടതിയിലും സർക്കാർ ദിവ്യയ്ക്ക് അനുകൂല റിപ്പോർട്ട് നൽകി. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ദിവ്യയ്ക്കെതിരെ 2023–24 ല്‍ ക്രമക്കേട് പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും അന്വേഷണത്തിന് എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. അന്ന് പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് പരാതികളില്‍ കഴമ്പുണ്ടെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെങ്കിലും ബെനാമി ഇടപാടുകളെ സര്‍ക്കാര്‍ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
ജില്ലാപഞ്ചായത്തുമായി ബന്ധപ്പെട്ട കരാറുകള്‍ ദിവ്യ ഇടപെട്ട് ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് നൽകിയെന്നും ഇത് ദിവ്യയുടെ ബെനാമി കമ്പനിയാണെന്നുമായിരുന്നു പരാതി. ടെന്‍ഡറില്ലാതെ കാര്ട്ടന് കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് ആക്ഷേപം. ഇതിന് പുറമെ സ്കൂളുകളില്‍ മോഡുലാര്‍ ശുചിമുറികള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് നടത്തിയെന്നും ദിവ്യയ്ക്ക് താല്പര്യമുള്ളവരുടെ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയെന്നും ജൂണില്‍ ആഭ്യന്തരമന്ത്രിക്ക് ലഭിച്ച പരാതിയിലുണ്ട്. ഇതിന് പുറമെ പടിയൂരില്‍ എബിസി സെന്റര്‍ സ്ഥാപിച്ചതിലും ക്രമക്കേട് നടന്നുവെന്ന് ആരോപണമുണ്ട്. ഈ പരാതികളില്‍ സര്‍ക്കാര്‍ ഇന്നലെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു