30 വർഷം ഗൾഫിൽ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവൻ കാട്ടാന കൊണ്ടുപോകുമോ എന്ന ആശങ്കയിലാണ് പത്തനംതിട്ട കുളത്തുമൺ സ്വദേശി സാംകുട്ടി.  സാംകുട്ടിയുടെ കൃഷിയിടത്തിൽ ഈ വർഷം മാത്രം അഞ്ചുതവണ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചു. പ്രദേശത്തെ മിക്ക കർഷകരുടേയും അവസ്ഥ സമാനമാണ് .

ഏഴ് കാട്ടാനകളാണ് സാംകുട്ടിയുടെ കൃഷിയിടത്തിലിറങ്ങിയത്. നാലടി ഉയരമുള്ള വേലി തകർത്തായിരുന്നു കാട്ടാനകളുടെ പ്രവേശനം. പിന്നീട് കാട്ടാനകൾ കൃഷിയിടത്തിൽനിന്ന് മടങ്ങിയതും മറ്റൊരു ഭാഗത്തെ വേലി തകർത്താണ്. ആദ്യ ആക്രമണത്തിൽ തകർന്ന ഫെൻസിങ് സ്വന്തം പണം ചെലവഴിച്ചാണ് സാംകുട്ടി വീണ്ടും നന്നാക്കിയത്. ഇതിനായി ലക്ഷങ്ങളാണ് ചെലവായത്.

2 മാസത്തിനുശേഷം രണ്ട് കാട്ടാനകൾ വീണ്ടുമെത്തി. വേലി തകർത്ത് റബർ മരങ്ങൾക്കിടയിൽ കൃഷി ചെയ്തിരുന്ന വാഴകൾ നശിപ്പിക്കുകയും റബർ തൈകൾ വലിച്ചൊടിക്കുകയും ചെയ്തു. രണ്ടുമൂന്ന് മാസങ്ങൾക്കുശേഷം പുലർച്ചെ മൂന്ന് കാട്ടാനകൾ കൂടി കൃഷിയിടത്തിലെത്തി റബറും വാഴയും നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ വീണ്ടും മൂന്ന് കാട്ടാനകൾ ഇറങ്ങി. കുലയ്ക്കാറായതും കുലച്ചതുമായ അറുപതോളം വാഴകളും കായ്ക്കാറായ മാങ്കോസ്റ്റീൻ മരങ്ങളും വലിച്ചൊടിച്ചും പിഴുതും നശിപ്പിച്ചു.

 

 

ഈ വർഷം കൃഷിക്കായി ചെലവഴിച്ച പണത്തിന്‍റെ ഒരു ഭാഗം പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സാംകുട്ടി പറയുന്നു. മുപ്പത് വർഷം ഗൾഫിൽ കഷ്‌ടപ്പെട്ട് സമ്പാദിച്ച പണം ഉപയോഗിച്ചാണ് സാംകുട്ടി ഭൂമി വാങ്ങിയത്. നാട്ടിലെത്തി കൃഷി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാൽ വന്യജീവികളുടെ തുടർച്ചയായ ആക്രമണം ഉപജീവനമാർഗം തന്നെ ഇല്ലാതാക്കുന്ന സ്‌ഥിതിയായി.. മുൻവർഷങ്ങളിൽ ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും ഈ വർഷമാണ് സ്ഥിതി  രൂക്ഷമായതെന്നും അദ്ദേഹം പറയുന്നു. കൃഷിനാശം മാത്രമല്ല, ജീവന് ഭീഷണിയാകുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.

Repeated Elephant Attacks Destroy Crops Worth Lakhs in Kerala: