ശ്രീനാദേവി കുഞ്ഞമ്മ, കെ.പി.ഉദയഭാനു
പത്തനംതിട്ടയിലെ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു. ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. 15 ദിവസത്തിനകം പരാമർശങ്ങൾ പിൻവലിച്ച് മാപ്പപേക്ഷ അതേ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കണമെന്നും അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. Also Read: ആളിക്കത്തി സഞ്ജു, അടിതെറ്റി കിവീസ്; ആദ്യ ട്വന്‍റി ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് മിന്നും ജയം
അടൂരിൽ യൂത്ത് കോൺഗ്രസ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇരുവിഭാഗങ്ങളുമായി ബന്ധപ്പെട്ട് നടന്ന വാക്പോരിന്റെ തുടർച്ചയായാണ് നിയമനടപടി. ഉദയഭാനു പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഒരു ജീവനക്കാരിയുടെ വീട്ടിലെ സന്ദർശകനായിരുന്നുവെന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നാണ് നോട്ടീസിലെ ആരോപണം.
പരാമർശങ്ങൾ അപകീർത്തികരമാണെന്നും അവ തന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്കും സൽപ്പേരിനും ഹാനികരമാണെന്നുമാണ് ഉദയഭാനുവിന്റെ നിലപാട്. പോസ്റ്റുകൾ നീക്കം ചെയ്യുക, പരസ്യമായി മാപ്പുപറയുക, അല്ലാത്തപക്ഷം നിയമനടപടി നേരിടുക എന്നിവയാണ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, ഉദയഭാനുവിന്റെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ വാക്പോര് നിയമനടപടിയിലേക്ക് നീങ്ങുന്നതോടെ സംഭവത്തിൽ തുടർനടപടികൾ ശ്രദ്ധേയമാകുകയാണ്.