പത്തനംതിട്ട പഴവങ്ങാടി സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തേടി വർഷങ്ങളായി അലയുകയാണ് വിരമിച്ച ഒരു സഹകരണ ബാങ്ക് സെക്രട്ടറി. 35 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. വീട് തകര്‍ന്നു തുടങ്ങിയിട്ടും പണികള്‍ക്ക് പോലും ബാങ്ക് പണം നല്‍കുന്നില്ല. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്കി കാത്തിരിക്കുകയാണ് ഗീതാഞ്ജലി. പരിഹരിക്കാനാണ് ശ്രമമെന്ന് ബാങ്ക് പ്രസിഡന്റ് പറയുന്നു.
റാന്നി സ്വദേശിനി ഗീതാഞ്ജലിയാണ് പണം തേടിയലയുന്നത്. പഴവങ്ങാടി സഹകരണ ബാങ്കാണ് ചതിച്ചത്. അയിരൂർ സഹകരണ ബാങ്ക് സെക്രട്ടറി ആയിരുന്നു ഗീതാഞ്ജലി. വിരമിച്ചപ്പോൾ കിട്ടിയ പണമാണ് പഴവങ്ങാടി ബാങ്കിൽ നിക്ഷേപിച്ചത്.
ബന്ധുക്കൾ പലരും നിരുൽസാഹപ്പെടുത്തിയതാണ്. സഹകരണ ബാങ്ക് സെക്രട്ടറി ആയിരുന്നതിനാലാണ് മറ്റൊരു സഹകരണ ബാങ്കിനെ വിശ്വസിച്ച് 2020ല്‍ പണം നി്ഷേപിച്ചത്. വീടിൻറെ പല ഭാഗങ്ങളും കാലപ്പഴക്കത്താൽ തകർന്നു വീഴുകയാണ്. വീടുപോലും തകരുന്ന അവസ്ഥ. തകരാർ പരിഹരിക്കാനുള്ള പണം പോലും ബാങ്ക് നൽകുന്നില്ല.
നിക്ഷേപകര്‍ക്ക് പണം നല്കുന്നില്ലെങ്കിലും ജീവനക്കാര്‍ കൃത്യമായി ശമ്പളം എടുക്കുന്നതായി ഗീതാഞ്ജലി പറയുന്നു. വിരമിച്ചവര്‍ കിട്ടേണ്ട പണമെല്ലാം വാങ്ങി. നിക്ഷേപകര്‍ പണം തേടി അലയുകയാണ്.
പലവട്ടം ബാങ്കിൽ കയറിയിറങ്ങി. കിട്ടുന്ന പണം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഗീതാഞ്ജലി മാത്രമല്ല ഒട്ടേറെ നിക്ഷേപകരാണ് പഴവങ്ങാടി ബാങ്കിൻറെ ചതിയിൽപ്പെട്ടത്. 50 കോടിരൂപയാണ് നിക്ഷേപകര്‍ക്ക് കൊടുക്കാനുള്ളത്. വൈകാതെ ഘട്ടം ഘട്ടമായി പണം നല്‍കും. എങ്ങനെയെങ്കിലും പരിഹരിക്കാനാണ് ശ്രമം നടത്തുന്നത് ബാങ്ക് പ്രസിഡന്റ് പറഞ്ഞു.