India's Sanju Samson, right, bats during the T20 cricket international between New Zealand and India in Christchurch, New Zealand, Thursday, Oct. 22, 2026. (Chris Symes/Photosport via AP)
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്‍ ന്യൂസീലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് ജയം. ആവേശം അണപൊട്ടിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് കിവീസ് നേടിയ 225 റണ്‍സ് രണ്ട് പന്ത് ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. തുടക്കം മുതല്‍ തകര്‍ത്തടിച്ച സഞ്ജു സാംസണ് വെറും 23 പന്തില്‍ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കി. മറുഭാഗത്ത് അഭിഷേക് ശര്‍മയും മികച്ച ഫോമിലായിരുന്നു. 12 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് മൂന്ന് സിക്സും രണ്ട് ഫോറും പായിച്ചു.
India's Abhishek Sharma bats during the T20 cricket international between New Zealand and India in Christchurch, New Zealand, Thursday, Oct. 22, 2026. (Andrew Cornaga/Photosport via AP)
പേസര്‍മാര്‍ തല്ലുവാങ്ങിയപ്പോള്‍ സ്പിന്നറെ ഇറക്കി കിവി ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നര്‍ കളിതിരിച്ചു. ആറാം ഓവറില്‍ പന്തെടുത്ത ഓഫ് സ്പിന്നര്‍ മൈക്കിള്‍ ബ്രെയ്സ്വെല്‍ അഭിഷേകിനെ ആദം മിൽനെയുടെ കൈകളിലെത്തിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരുവിക്കറ്റിന് 94 റണ്‍സ് എന്ന നിലയിലായിരുന്നു. ഇന്ത്യയ്ക്ക് പുറത്ത് ടീമിന്റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്കോറാണിത്. അഭിഷേക് വീണിട്ടും സഞ്ജു ആക്രമണം തുടര്‍ന്നു.
മിച്ചല്‍ സാന്റ്നര്‍ എറിഞ്ഞ ഒന്‍പതാം ഓവറിന്റെ അവസാനപന്തില്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. മെല്ലെ വന്ന ഷോര്‍ട്ട് ബോള്‍ സഞ്ജു ശക്തിയായി അടിക്കാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ ഇന്‍സൈഡ് എഡ്ജില്‍ തട്ടി വിക്കറ്റിലേക്ക്. ബെയ്ല്‍സ് വീണതോടെ സഞ്ജുവിന്റെ മുഖത്തുവന്ന നിരാശ സാന്റ്നര്‍ പോലും ഉള്‍ക്കൊണ്ടു. 33 പന്തില്‍ 67 റണ്‍സായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. 4 സിക്സും 8 ഫോറും ഉള്‍പ്പെട്ട കിടിലന്‍ ഇന്നിങ്സ്!
India's Abhishek Sharma (L) fist bumps with his teammate Sanju Samson during the first Twenty20 international cricket match between New Zealand and India at Hagley Oval in Christchurch on October 22, 2026. (Photo by Sanka VIDANAGAMA / AFP)
സഞ്ജു പുറത്തായതോടെ ഇന്ത്യയ്ക്ക് താളംതെറ്റി. തൊട്ടടുത്ത ഓവറില്‍ തിലക് വര്‍മയും പതിനൊന്നാം ഓവറില്‍ ഇഷാന് കിഷനും വീണു. ജയം ഉറപ്പിച്ചിടത്തുനിന്ന് ഇന്ത്യ തോല്‍വി മണത്ത നിമിഷങ്ങള്‍. തിലക് ആറും കിഷന് ഒന്നും റണ്‍സ് മാത്രമാണെടുത്തത്. തിലകിനെ ബ്രെയ്സ്വെലും ഇഷാനെ സാന്റ്നറും മടക്കി. പിന്നീടങ്ങോട്ട് കിവി സ്പിന്നര്‍മാരുടെ വാഴ്ചയായിരുന്നു. ഇഷാന് പകരമെത്തിയ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേല്‍ റണ്‍ റേറ്റ് താഴാതെ കാത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കൂടി താളം കണ്ടെത്തിയതോടെ ഇന്ത്യ ആശ്വസിച്ചു.
New Zealand's Michael Bracewell (C) and his teammates celebrate the dismissal of India's Tilak Varma during the first Twenty20 international cricket match between New Zealand and India at Hagley Oval in Christchurch on October 22, 2026. (Photo by Sanka VIDANAGAMA / AFP)
14 പന്തില്‍ ഒരു സിക്സും മൂന്ന് ഫോറുമടക്കം 24 റണ്‍സെടുത്ത അക്സര്‍ ഇന്ത്യയുടെ തിരിച്ചുവരവിന് അടിത്തറ പാകി. പിന്നീട് നമന്‍ ധീറിന്റെ വെടിക്കെട്ടുകൂടി ചേര്‍ന്നതോടെ ശ്രേയസ് അയ്യര്‍ അനായാസം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചെങ്കിലും മില്‍നെ എറിഞ്ഞ പത്തൊന്‍പതാം ഓവറിലെ ആദ്യപന്തില്‍ ആഞ്ഞടിക്കാന്‍ മുതിര്‍ന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കിവി ക്യാപ്റ്റന്റെ കൈകളിലൊതുങ്ങി. തുടര്‍ന്നെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെ സാക്ഷി നിര്‍ത്തി നമന്‍ ധീര്‍ ഇന്ത്യയെ വിജയതീരമണച്ചു. വെറും 15 പന്തില്‍ രണ്ട് സിക്സും 5 ഫോറുമടക്കം 42 റണ്‍സെടുത്ത നമന്റെ ഇന്നിങ്സാണ് ഇന്ത്യ അര്‍ഹിച്ച വിജയം ഉറപ്പാക്കിയത്.
India's Naman Dhir bats during the T20 cricket international between New Zealand and India in Christchurch, New Zealand, Thursday, Oct. 22, 2026. (Andrew Cornaga/Photosport via AP)
ക്രൈസ്റ്റ് ചര്‍ച്ചില്‍ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദേശീയടീമില്‍ തിരിച്ചെത്തിയ പേസര്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിങ്ങും നന്നായി തുടങ്ങിയെങ്കിലും പിന്നീട് തല്ലുവാങ്ങി. എല്ലാ ബാറ്റര്‍മാരും നല്ല തുടക്കം കണ്ടെത്തുകയും ഗ്ലെന്‍ ഫിലിപ്സും ഫിന് അലനും അത് മുതലാക്കുകയും ചെയ്തതോടെ ന്യൂസീലാന്‍ഡ് 20 ഓവറില്‍ നാലുവിക്കറ്റിന് 225 റണ്‍സ് എന്ന മികച്ച സ്കോറുയര്‍ത്തി.
New Zealand's batsman Glenn Phillips runs past India bowler Nitish Kumar Reddy during the T20 cricket international between New Zealand and India in Christchurch, New Zealand, Thursday, Oct. 22, 2026. (Andrew Cornaga/Photosport via AP)
ടിം സെയ്ഫര്‍ട്ടും ഫിന് അലനും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് അഞ്ചോവറില്‍ സ്കോര്‍ 49ലെത്തിച്ചു. സെയ്ഫര്‍ട്ട് മായങ്ക് യാദവിന്റെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്കി മടങ്ങി. 17 പന്തില്‍ 24 റണ്‍സായിരുന്നു സംഭാവന. പകരമെത്തിയ ഡാരില്‍ മിച്ചലും മോശമാക്കിയില്ല. 19 പന്തില്‍ ഒരു സിക്സടക്കം 28 റണ്‍സ്. ഗ്ലെന്‍ ഫിലിപ്സ് എത്തിയതോടെ കളിമാറി. 3 സിക്സും 8 ഫോറുമടിച്ച ഫിലിസ്പ് വെറും 40 പന്തില്‍ പുറത്താകാതെ 82 റണ്‍സെടുത്തു. മിച്ചലിന് പകരമെത്തിയ ബെവന് ജേക്കബ്സും തകര്‍ത്തടിച്ചു. 16 പന്തില്‍ മൂന്ന് സിക്സടക്കം 31 റണ്‍സ്! ബ്രെയ്സ്വെല്‍ ഏഴ് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
Tilak Varma of India is airborne as he attempts to catch the ball during the T20 cricket international between New Zealand and India in Christchurch, New Zealand, Thursday, Oct. 22, 2026. (Andrew Cornaga/Photosport via AP)
ഇന്ത്യന്‍ ബോളര്‍മാരില്‍ മായങ്ക് യാദവും നിതീഷ് കുമാര്‍ റെഡ്ഡിയുമായിരുന്നു ഇക്കോണമിയില്‍ ഭേദം. നാലോവര്‍ വീതമെറിഞ്ഞ ഇരുവരും 40 റണ്‍സ് വീതം വഴങ്ങി. മായങ്കിന് ഒരു വിക്കറ്റും കിട്ടി. അര്‍ഷ്ദീപും അക്സറും ഓരോ വിക്കറ്റ് നേടിയെങ്കിലും തല്ലുവാങ്ങി. ഇന്നത്തെ വിജയത്തോടെ അഞ്ചുമല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി.