വാട്സാപ് വഴി പരിചയപ്പെട്ട യുവതിക്ക് സുപ്രധാനസൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തമിഴ്നാട് വെല്ലൂര്‍ ജില്ലയിലെ കണിയമ്പാടി കീഴ്‍വല്ലം സ്വദേശി ക്യാപ്റ്റന്‍ പി.ബാബുവാണ് പിടിയിലായത്. രണ്ടുദിവസമായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്ന ബാബുവിനെ ഇന്ന് തമിഴ്നാട് പൊലീസിന് കൈമാറി. ബാബു വിവരങ്ങള്‍ കൈമാറിയ യുവതിയെ കണ്ടെത്താന്‍ ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഒരുവര്‍ഷം മുന്‍പ് ഡി.ആര്‍.ഡി.ഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) പ്രൊജക്ടില്‍ ജോലി ചെയ്യുന്നയാളെന്ന് സ്വയം പരിചയപ്പെടുത്തി ഒരു യുവതി ബാബുവിന് വാട്സാപ്പില്‍ മെസേജ് അയച്ചു. പിന്നീട് ഫോണ്‍ കോളുകളും വിഡിയോ കോളുകളുമെല്ലാമായി അടുപ്പം വളര്‍ന്നു. ഡിആര്‍ഡിഒ പ്രൊജക്ടിന്‍റെ ആവശ്യത്തിനെന്നുപറഞ്ഞ് ബാബുവിനോട് സൈന്യത്തിന്‍റെ പക്കലുള്ള ഉപകരണങ്ങളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചുമെല്ലാം അവര്‍ ചോദിച്ചു. പലതിന്‍റെയും രേഖകളും ആവശ്യപ്പെട്ടു. ഇതെല്ലാം ബാബു യുവതിക്ക് കൈമാറുകയും ചെയ്തു.
28 വര്‍ഷം കരസേനയില്‍ സേവനമനുഷ്ഠിച്ച ക്യാപ്റ്റന്‍ ബാബു കഴിഞ്ഞവര്‍ഷമാണ് വിരമിച്ചത്. സൈന്യത്തിന്‍റെ ആര്‍ട്ടിലറി, മിലിറ്ററി എക്വിപ്മെന്‍റ് വിഭാഗങ്ങളില്‍ ഏറെക്കാലം ജോലി ചെയ്തിരുന്നു. വിരമിച്ചശേഷം കീഴ്‍വല്ലത്താണ് താമസിക്കുന്നത്. അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങളടക്കം ഇയാള്‍ യുവതിക്ക് കൈമാറിയെന്നാണ് നിഗമനം. തനിക്കറിയാത്ത കാര്യങ്ങള്‍ സൈന്യത്തിലുള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം ശേഖരിച്ച് യുവതിക്ക് കൈമാറിയിരുന്നുവെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാബുവിനെ ‘വലയിലാക്കിയ’ യുവതിയെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇവരെ കണ്ടെത്താനുള്ള സംയുക്തനീക്കം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരതീയ ന്യായസംഹിതയിലെ നൂറ്റി അന്‍പത്തിരണ്ടാം വകുപ്പും (രാജ്യത്തിന്‍റെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തികള്‍) ഔദ്യോഗിക രഹസ്യനിയമത്തിലെ 3(1)(c) and 5(1)(a) വകുപ്പുകളനുസരിച്ച് തമിഴ്നാട് പൊലീസ് ബാബുവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. കോടതി റിമാന്‍ഡ് ചെയ്ത ഇയാള്‍ ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.