kaalimuthu
  • തമിഴ്‌നാട്ടിലെ രാമനാഥപുരം അരിയാനെന്തലിൽ പ്രാഥമികകൃത്യത്തിനായി പോയ അങ്കണവാടി ജീവനക്കാരി കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ടു. സ്വച്ഛ് ഭാരത് പദ്ധതിയിൽ 'മാതൃകാ ഗ്രാമ'മായി പ്രഖ്യാപിക്കപ്പെട്ട അരിയാനെന്തലിലാണ് ദുരന്തം

തമിഴ്നാട് രാമനാഥപുരത്ത് കാട്ടുപന്നി ആക്രമണത്തില്‍ അന്‍പത്താറുകാരിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് അംഗന്‍വാഡി ജീവനക്കാരിയായി കാളിമുത്തുവിനെ ആളൊഴിഞ്ഞ പറമ്പില്‍ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികില്‍സയിലിരിക്കേയാണ് മരണം. കാട്ടുപന്നി ആക്രമിച്ചതുപോലുള്ള മുറിവുകള്‍ കാളിമുത്തുവിന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. കൃത്യമായ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ അറിയാനാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് പ്രാഥമികകൃത്യങ്ങള്‍ക്കായി കാളിമുത്തു വീടിനടുത്ത ആളൊഴിഞ്ഞ പറമ്പിലേക്ക് പോയത്.വീട്ടില്‍ ശുചിമുറി ഇല്ലാത്തതുകാരണം സമീപത്തെ കുറ്റിക്കാടും പരിസരവുമാണ് ഇവിടെയുള്ളവര്‍ പ്രാഥമിക കൃത്യങ്ങള്‍ക്ക് ഉപയോഗിക്കാറ്. രാത്രി പത്തരയായിട്ടും കാളിമുത്തു തിരികെയെത്താതിനാല്‍ ബന്ധുക്കള്‍ അവരെ തിരയാന്‍ പോയി. കുറ്റിക്കാടിനടുത്തെത്തിയപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കാളിമുത്തുവിനെയാണ് കണ്ടത്. 

ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ തുടയില്‍ കാട്ടുപന്നി കുത്തിയതുപോലെയുള്ള മുറിവും കടിച്ച പാടുകളും ഉണ്ടായിരുന്നു. മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരമക്കുടി ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് മാറ്റി.

കാളിമുത്തുവിന്‍റെ വീടിനു പിന്നിലെ പറമ്പിലും കുറ്റിക്കാടുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്വച്ഛ് ഭാരത് മിഷനില്‍ ‘മാതൃകാ ഗ്രാമ’മായി തിരഞ്ഞെടുത്ത അരിയാനെന്തലിലാണ് സംഭവം. മിക്ക വീടുകളിലും ശുചിമുറി ഇല്ലാത്തതിനാല്‍ നാട്ടുകാരില്‍ പലരും ഒഴിഞ്ഞ പറമ്പുകളിലും വനത്തോട് ചേര്‍ന്ന സ്ഥലങ്ങളിലുമാണ് മലമൂത്രവിസര്‍ജനം നടത്തുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഇവിടെ ഒട്ടേറെ പ്രവൃത്തികള്‍ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒന്നും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Anganwadi worker gored to death by wild boar while relieving herself in ‘Model Village’ in Tamil Nadu:

A 56-year-old Anganwadi worker, Kalimuthu, died after being severely attacked by a wild boar while relieving herself in an open field on Tuesday night in Ramanathapuram, Tamil Nadu. Having no toilet at home, she was forced to venture into nearby bushes around 9:00 PM, where relatives later discovered her critically injured and lying in a pool of blood. She succumbed to deep puncture and bite wounds on her thighs during treatment, with her body subsequently sent to Paramakudi Government Hospital for a post-mortem. The tragic incident occurred in Ariyanenthal, a village officially designated as a Swachh Bharat 'model village,' highlighting locals' complaints that on-paper sanitation achievements do not match ground reality.