ബേബി ഫുഡ് ബ്രാൻഡുകൾക്കെതിരെ നടപടി കർശനമാക്കി തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ). മുലപ്പാലാണ് കുഞ്ഞുങ്ങൾക്ക് ഏറ്റവും ഉത്തമം എന്ന സന്ദേശം കൃത്യമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ബേബി ഫുഡിന് നിരോധനമല്ലെങ്കിലും, നിർമാതാക്കൾ പുതിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വീഴ്ച വരുത്തിയ റെസ്റ്റോറന്റുകൾക്കെതിരെയുള്ള നടപടികളിലൂടെ മുൻപ് വാർത്തകളിൽ ഇടംനേടിയ ഉദ്യോഗസ്ഥനാണ് തുക്കാറാം മുണ്ടെ. എല്ലാ ബേബി ഫുഡ് പാക്കറ്റുകളിലും ‘അമ്മയുടെ പാലാണ് ഏറ്റവും ഉത്തമം’ എന്ന സന്ദേശം രേഖപ്പെടുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. കൂടാതെ, പാക്കറ്റുകളിൽ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രങ്ങൾ അച്ചടിക്കുന്നതും ഉൽപ്പന്നം മുലപ്പാലിന് തുല്യമാണെന്ന അവകാശവാദങ്ങളും നിരോധിച്ചു.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി നൽകുന്ന ധാന്യപ്പൊടികളും അനുബന്ധ പോഷകാഹാരങ്ങളും ഉൾപ്പെടെ എല്ലാ ബേബി ഫുഡ് ഉൽപ്പന്നങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്. സൗജന്യ സാമ്പിളുകളോ ഡിസ്കൗണ്ട് കൂപ്പണുകളോ നൽകാൻ പാടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പ്രമോഷനുകൾക്കും എഫ്ഡിഎ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ആറ് മാസത്തിന് മുകളിലുള്ള കുഞ്ഞുങ്ങൾക്ക്, ഡോക്ടർമാരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അനുബന്ധ ആഹാരമായി ഈ ഉൽപ്പന്നങ്ങൾ നൽകേണ്ടത് എന്ന കാര്യം പാക്കേജിങ്ങിൽ വ്യക്തമായി രേഖപ്പെടുത്തണം. എഫ്ഡിഎ നടത്തിയ സർവേയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി തുക്കാറാം മുണ്ടെ പറഞ്ഞു. മുലപ്പാലിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്താത്തത് ഗുരുതരമായ നിയമലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനും ശിശുക്കൾക്ക് ശരിയായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ സ്വീകരിക്കുന്നതെന്ന് തുക്കാറാം മുണ്ടെ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ജനിച്ച് ആദ്യ ഒരു മണിക്കൂറിലും അതുപോലെ ആറ് മാസം വരെയും മുലയൂട്ടൽ നിരക്ക് നഗരപ്രദേശങ്ങളിൽ 52.8 ശതമാനവും ഗ്രാമീണ മേഖലകളിൽ 75.2 ശതമാനവുമാണെന്ന് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. 10 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ 25 ശതമാനം പേർക്കും ഉയർന്ന രക്തസമ്മർദമുണ്ടെന്ന് സർവേ വിവരങ്ങൾ വ്യക്തമാക്കുന്നതായും, ഇത് മുലയൂട്ടലിന്റെ കുറവ് മൂലം സംഭവിക്കുന്നതാണെന്നും മുണ്ടെ അവകാശപ്പെട്ടു.