24 മണിക്കൂര്‍ കുഴിച്ചിട്ട കുഞ്ഞിന് രണ്ടാം ജന്‍മം. യുഎസ് സൗത്ത് കരോലിനയില്‍ നിന്നാണ് വാര്‍ത്ത പുറത്തുവരുന്നത്. കുട്ടിയെ സ്വന്തം പിതാവാണ് കുഴിച്ചിട്ടത്. 24 മണിക്കൂര്‍ ശേഷം കുട്ടിയെ ജീവനോടെ കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് തിരച്ചില്‍ നടത്തിയ പൊലീസ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കുട്ടിയെ കാണാനില്ലെന്ന് പൊലീസിന് റിപ്പോര്‍ട്ട് കിട്ടിയത് തിങ്കളാഴ്ചയാണ്. മുത്തശ്ശിയുടെ വീട്ടിലായിരുന്നു കുട്ടി. എന്നാല്‍ അത്യാവശ്യ കാര്യത്തിനായി മുത്തശ്ശി പുറത്തുപോയി ഈ സമയം കുട്ടിയുടെ 25 വയസുകാരനായിരുന്ന അച്ഛന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ നോക്കാനായി അല്‍പസമയത്തിന് ശേഷം കുടുംബം ഏല്‍പ്പിച്ച കെയര്‍ഗിവര്‍ എത്തി. എന്നാല്‍ അച്ഛനും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല.
റിപ്പോര്‍ട്ട് കിട്ടിയതോടെ പൊലീസ് വീടിന് പരിസരത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതില്‍ പിതാവ് കുട്ടിയുമായി വനത്തിലേക്ക് പോകുന്നതും പിന്നീട് ഒറ്റയ്ക്ക് തിരിച്ചുവരുന്നതും കണ്ടു. തുടര്‍ന്ന് തിരച്ചിലിന് ശേഷം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനോടകം ഏറെ സമയം കടന്നുപോയിരുന്നു. എന്നാല്‍ പിതാവിനോട് ചോദിച്ചിട്ടും കുട്ടിയെവിടെയെന്ന് കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുമായി ഇയാളെ കണ്ട അവസാന സ്ഥലത്തേക്ക് നൂറ് പേരടങ്ങുന്ന പൊലീസ് സന്നാഹം എത്തി പരിശോധന നടത്തുകയായിരുന്നു. കാടായിരുന്ന പ്രദേശത്തില്‍ പുതുതായി കുഴിച്ച മണ്ണ് കണ്ട പൊലീസിന് സംശയം തോന്നുകയും ഇവിടെ കുഴിച്ചു നോക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവിടെ കുഴിച്ച് നോക്കിയപ്പോള്‍ കുട്ടിയുടെ കരച്ചില്‍ കേട്ടു.
നായ്ക്കള്‍ക്കായി ഉപയോഗിക്കുന്ന ചെറിയ കൂട്ടില്‍ തുണിയില്‍ പൊതിഞ്ഞുവച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 24 മണിക്കൂറോളം കുട്ടി മണ്ണിനടിയില്‍ കിടന്നിട്ടും ഒന്നും പറ്റാതെ രക്ഷപ്പെട്ടത് കുട്ടിയെ പൊതിഞ്ഞ ടവ്വലിലെ എയര്‍ പോക്കറ്റ് കൊണ്ടായിരിക്കും എന്നാണ് നിഗമനം. ഭക്ഷണവും വെള്ളവും കിട്ടാത്തതിന്‍റെ ക്ഷീണമൊഴിച്ചാല്‍ കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. കുട്ടിയുടെ പിതാവിനെതിരെ നിയമനടപടികള്‍ തുടരുകയാണ്.