പൊട്ടകിണറ്റിൽ വീണ എട്ടുവയസ്സുകാരനെ സാഹസികമായി രക്ഷപ്പെടുത്തി യുവാവ്. തൃത്താല കോടനാട് സ്വദേശി സുൽത്താനാണ് ജീവൻ പണയംവച്ച് കുട്ടിയെ രക്ഷപ്പെടുത്തിയത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ 40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീഴുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ചിറമനേങ്ങാട് ലക്ഷംവീട് പ്രദേശത്തെ പരേതനായ ഇല്യാസിന്റെ മകൻ സൈനുൽ ആബിദാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ വിവാഹവീട്ടിലെത്തിയ കുട്ടി കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് ആൾമറയില്ലാത്ത കിണറ്റിലേക്ക് വീണത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയത്താണ് വിവാഹവിരുന്നിൽ പങ്കെടുക്കാനെത്തിയ സുൽത്താൻ രക്ഷകനായത്.
കയറിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി സുൽത്താൻ കുട്ടിയെ രക്ഷപ്പെടുത്തി. എന്നാൽ, കിണറ്റിലെ പരിമിതമായ സ്ഥലവും ശ്വാസംമുട്ടലും രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. ഒരു കൈകൊണ്ട് കുട്ടിയെ ഉയർത്തിപ്പിടിച്ചും മറുകൈകൊണ്ട് കയറിൽ പിടിച്ചും ഏകദേശം 15 മിനിറ്റോളം കിണറ്റിൽ തുടർന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കസേര കിണറ്റിലിറക്കി കുട്ടിയെ അതിൽ ഇരുത്തി സുരക്ഷിതമായി മുകളിലെത്തിക്കുകയായിരുന്നു.
സ്വന്തം ജീവൻ പോലും പണയപ്പെടുത്തി കുട്ടിയ്ക്ക് പുതുജീവൻ നൽകിയ സുൽത്താനെ ചിറമനേങ്ങാട് സൗഹൃദ കൂട്ടായ്മ ആദരിക്കുകയും ചെയ്തു.