Image: Instagram/@eleftheriacheese
ലോകത്തിലെ ഏറ്റവും രുചികരമായ ചീസുകളുടെ കൂട്ടത്തില്‍ ഇനി ഇന്ത്യന്‍ രുചിയും. സ്പെയിനിലെ കോർഡോബയിൽ നടന്ന '2026 വേൾഡ് ചീസ് അവാർഡ്‌സി'ൽ മുംബൈ ആസ്ഥാനമായുള്ള ചീസ് ബ്രാൻഡ് നാല് പുരസ്‌കാരങ്ങൾ സ്വന്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച രുചി മാഹാത്മ്യത്തിനാണ് ഇപ്പോള്‍ ലോകത്തിന്‍റെ അംഗീകാരവും സ്വന്തമായത്.
നവംബർ 12-ന് 'ഗിൽഡ് ഓഫ് ഫൈൻ ഫുഡ്' സംഘടിപ്പിച്ച മത്സരത്തിലാണ് ഭണ്ഡുപ് ആസ്ഥാനമായുള്ള 'വിവാന്ദ ഗൂർമെറ്റി'ന്റെ 'എലെഫ്തീരിയ ചീസ്' മികച്ച ഇന്ത്യൻ ചീസ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 'കോണാർക്ക്', 'ഡ്രാമ ക്വീൻ', 'കാളി മിരി', 'മൂണി' എന്നിങ്ങനെയുള്ള നാല് ചീസുകളാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഇവയ്ക്ക് ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടാനായി. 45 രാജ്യങ്ങളിൽ നിന്നുള്ള 5330 തരം ചീസുകൾ വിധികർത്താക്കൾ രുചിച്ച് വിലയിരുത്തിയ ശേഷമാണ് മികച്ചവ തിരഞ്ഞെടുത്തത്.
"ലോകത്തിലെ ഏറ്റവും മികച്ചവയ്‌ക്കൊപ്പം ഇന്ത്യൻ ചീസുകളും തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ അതിയായ അഭിമാനം തോന്നുന്നു.’’ എന്നായിരുന്നു പുരസ്കാരനേട്ടത്തെക്കുറിച്ച് 'എലെഫ്തേരിയ ചീസ്' നിര്‍മാതാക്കള്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. 2015ല്‍ മുംബൈയിലാണ് എലെഫ്തീരിയ ചീസ് ആരംഭിച്ചത്. അക്കാലത്ത് വിപണിയിലുണ്ടായിരുന്ന മിക്ക ചീസുകളും ഒന്നുകിൽ സംസ്കരിച്ചവയോ അല്ലെങ്കിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയോ ആയിരുന്നു. നഗരത്തിന് പുറത്തുള്ള ഒരു ഫാമിൽ നിന്നാണ് ഈ കമ്പനി പാൽ ശേഖരിക്കുന്നത്. ഇവിടത്തെ മണി ബാഗ് ആകൃതിയിലുള്ള ബുറാറ്റ, ബ്രൂനോസ്റ്റ് എന്നീ ചീസ് ഇനങ്ങള്‍ ഏറെ പ്രശസ്തമാണ്. 2026 ഏപ്രിലിൽ 'മുൻഡിയൽ ഡോ ക്വിജോ ഡോ ബ്രസീൽ 2026' മത്സരത്തിൽ ഈ ബ്രാൻഡ് വലിയ നേട്ടം കൈവരിക്കുകയും പ്രധാനമന്ത്രിയിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇത്തരം വിജയങ്ങൾ ആഗോളതലത്തിൽ ഇന്ത്യയുടെ ക്ഷീരോൽപ്പാദന മേഖലയ്ക്ക് കരുത്തേകുന്നതാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.
ഇന്ത്യയുടെ പ്രതിനിധിയായി 'എലെഫ്തീരിയ ചീസ്' ശ്രദ്ധേയമായെങ്കിലും അസംസ്കൃത പശുവിന്‍ പാലില്‍ നിന്ന് തയ്യാറാക്കിയ ഫ്രാന്‍സിന്റെ 'കോംറ്റെ ഫോർട്ട് ഡെസ് റൂസസ് 24 മന്ത്‌സ്' എന്ന ചീസാണ് രുചിയില്‍ ഒന്നാമന്‍.