ജോലിക്ക് പിന്നാലെ നടക്കാതെ ടാക്സിയോടിച്ച് ജീവിക്കാനും ബാക്കി സമയം വീട്ടില്‍ ചെലവഴിക്കാനും യുവാക്കളെ ഉപദേശിച്ച് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. സദാ സമയം ജോലിക്കെന്ന് പറഞ്ഞ് നടക്കാതെ വല്ല ടാക്സിയോ, ഇ–റിക്ഷകളോ ഓടിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ലക്നൗവില്‍ ഭാരത് ടാക്സി സര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു വിവാദ പ്രസ്താവന. ഡ്രൈവിങ് സ്വയംതൊഴിലും സാമ്പത്തിക സുരക്ഷിതത്വവും നല്‍കുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
'ചുമ്മാ ജോലി, ജോലി എന്ന് പറഞ്ഞ് നടക്കരുത്. ടെംപോയെടുത്ത് നാലു മണിക്കൂര്‍ ഓടിക്കൂ. ബാക്കി സമയം വീട്ടില്‍ കുട്ടികള്‍ക്കൊപ്പം ചെലവഴിക്കൂ. വല്ലവര്‍ക്കും വേണ്ടി ജോലി ചെയ്ത് സമയം കളയുന്നതെന്തിനാണ്?'- പഥക് ചോദ്യമുയര്‍ത്തി. മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്നതില്‍ ഒരു സന്തോഷവുമില്ലെന്നും വീടിനടുത്ത് നിന്ന് ലഭിക്കുന്ന ഓട്ടം രണ്ട് മണിവരെ എടുത്ത ശേഷം വീട്ടിലെത്തി മക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കുകയും വിശ്രമിച്ച ശേഷം രാത്രി പത്തുമണി വരെ വീണ്ടും ടാക്സി ഓടിക്കണമെന്നും പഥക് നിര്‍ദേശിച്ചു.
ഡ്രൈവിങ് മോശം ജോലിയാണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പക്ഷേ സാമ്പത്തിക സുരക്ഷിതത്വവും മാസ ശമ്പളവും കരിയറില്‍ വളര്‍ച്ചയും വിദ്യാഭ്യാസത്തിന് അനുസൃതമായ ജീവിത നിലവാരവും സംതൃപ്തിയും അതുകൊണ്ട് ലഭിക്കുമെന്ന് എങ്ങനെ ഉറപ്പ് നല്‍കാന്‍ കഴിയുമെന്നും ചോദ്യങ്ങള്‍ ഉയരുന്നു. പഥകിന്‍റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്വാദി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്.
'യുവാക്കള്‍ രാജ്യത്തെ നയിക്കാനുള്ളവരാണ്. നിങ്ങള്‍ക്ക് റിക്ഷ ഓടിക്കാനത്ര ഇഷ്ടമാണെങ്കില്‍ ഞാനൊരെണ്ണം സമ്മാനമായി നല്‍കാം' എന്നായിരുന്നു സമാജ്വാദി എംപി പുഷ്പേന്ദ്ര സരോജിന്‍റെ പരിഹാസം. യുപിയില്‍ വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മയാണ് ഉപമുഖ്യമന്ത്രിയെ കൊണ്ട് ഈ വാക്കുകള്‍ പറയിപ്പിച്ചതെന്നും പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തുന്നു.