ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ ഖോഡയ്ക്ക് സമീപം ഭാരത് വിഹാറിൽ മുപ്പതുകാരിയെയും മൂന്ന് വയസുള്ള മകളെയും വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് വീട്ടില്‍ പതിവായി വഴക്കുണ്ടാക്കാറുള്ളതായി പൊലീസിന് സൂചന ലഭിച്ചു.
2021 ജൂണിലാണ് ഹർദോയ് സ്വദേശിയായ അനിരുദ്ധും ഉന്നാവ് സ്വദേശിയായ പ്രീതി സിങ്ങും വിവാഹിതരായത്. കഴിഞ്ഞ നാല് വർഷമായി ഇവര്‍ ഭാരത് വിഹാറിലാണ് കഴിഞ്ഞിരുന്നത്. സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനാണ് അനിരുദ്ധ്. വിവാഹസമയത്ത് പ്രീതിയുടെ വീട്ടുകാര്‍ സ്ത്രീധനമായി നൽകിയ ബൈക്കില്‍ അനിരുദ്ധ് തൃപ്തനായിരുന്നില്ല. അനിരുദ്ധും കുടുംബവും നിരന്തരം കാർ ആവശ്യപ്പെട്ട് പ്രീതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കാറ് വേണമെന്ന് വാശി പിടിച്ചിരുന്നതായും പ്രീതിയുെട കുടുംബം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് പുറമെ അനിരുദ്ധിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സംശയവും പ്രീതിക്കുണ്ടായിരുന്നതായും പരാതിയിലുണ്ട്.
സംഭവ ദിവസം അനിരുദ്ധ് ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു ജോലിക്ക് പോയിരുന്നില്ലെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി. വൈകുന്നേരം അഞ്ചര കഴിഞ്ഞപ്പോള്‍ മരുന്ന് വാങ്ങാനായി അനിരുദ്ധ് പുറത്തേക്ക് പോയി. ഈ സമയത്ത് അതേ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന അനിരുദ്ധിന്റെ സഹോദരി റിങ്കിയുടെ 10 വയസുകാരി മകൾ മുകളിലെ ഫ്ലാറ്റിലേക്കെത്തി. എന്നാല്‍, വാതിലിൽ പലതവണ മുട്ടിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. പെൺകുട്ടി ജനലിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ് പ്രീതിയെയും കുഞ്ഞിനെയും അനക്കമില്ലാത്ത നിലയിൽ അകത്ത് കിടക്കുന്നത് കണ്ടത്. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികളും താഴെ താമസിച്ചിരുന്ന അനിരുദ്ധിന്റെ സഹോദരിയും സ്ഥലത്തെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിക്കുകയുമായിരുന്നു. 6:30-ഓടെ പൊലീസില്‍ വിവിരം അറിയിച്ചു. തുടര്‍ന്ന് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയായിരുന്നു.
മരിച്ച പ്രീതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അനിരുദ്ധ്, മാതാവ് രാജ് റാണി, സഹോദരി റിങ്കി സിംഗ് എന്നിവർക്കെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻഡിപുരം എസിപിയുടെ നേതൃത്വത്തിൽ കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളില്‍ കേസിന് കൂടുതല്‍ വ്യക്തത വരുമെന്ന് പൊലീസ് പറയുന്നു.