Image Credit: X/@TOILucknow

  • ഡിജെയുടെ വലിയ ശബ്ദവും പ്രകമ്പനവും കാരണം ക്ലാസ് മുറിയിൽ കുട്ടികൾ പരിഭ്രാന്തരാകുന്ന ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഡിജെ വാഹനം കടന്നു പോയതിനു പിന്നാലെ രണ്ടാം ക്ലാസുകാരി ക്ലാസില്‍ കുഴഞ്ഞു വീണു മരിച്ചു. ഉത്തര്‍പ്രദേശിലെ ബൽറാംപൂരിലെ ഡിവൈന്‍ പബ്ലിക്ക് സ്കൂളിലാണ് ദാരുണമായ സംഭവം നടന്നത്. സോനു തിവാരിയുടെ മകളാണ് മരിച്ചത്. കുട്ടിയുടെ മരണത്തിനു കാരണം വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കൊപ്പമുണ്ടായിരുന്ന ഡിജെ വാഹനത്തില്‍ നിന്നുള്ള ഉച്ചത്തിലുള്ള ശബ്ദമാണെന്ന് കുടുംബം ആരോപിച്ചു. 

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ടാം ക്ലാസുകാരി കുഴഞ്ഞുവീഴുന്നത്. ഈ സമയം, സ്കൂളിനു മുന്നിലൂടെ കടന്നുപോയ ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കൊപ്പം വലിയ ശബ്ദത്തില്‍ ഡിജെ വാഹനവും ഉണ്ടായിരുന്നു. ഡിജെയുടെ ശബ്ദം തുടങ്ങിയതോടെ ക്ലാസ് മുറിയിൽ കുട്ടികള്‍ പരിഭ്രാന്തരാവുന്നത്  മൂന്നു മിനിറ്റുള്ള സിസിടിവി ദൃശ്യത്തില്‍ കാണാം. സംഭവം മുഴുവന്‍ ക്ലാസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. 

ശബ്ദം കേട്ട് ചില കുട്ടികൾ ജനലുകളിലേക്കും വാതിലുകളിലേക്കും നോക്കുമ്പോൾ മരണപ്പെട്ട പെൺകുട്ടി അസ്വസ്ഥയാകാൻ തുടങ്ങുന്നത് വിഡിയോയിലുണ്ട്. ഈ ഘട്ടത്തിലാണ് പെൺകുട്ടിയുടെ നില വഷളായതായതെന്നും തുടർച്ചയായി മൂന്ന് ഹൃദയാഘാതങ്ങൾ ഉണ്ടായതായും വിദ്യാർഥിനിയുടെ കുടുംബം ആരോപിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. 

പെൺകുട്ടി കുഴഞ്ഞുവീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പെണ്‍കുട്ടി കസേരയിലേക്ക് തളർന്നു വീഴുന്നതും തല പിന്നിലെ മേശപ്പുറത്തേക്ക് വീഴുന്നതും സിസിടിവിയില്‍ കാണാം. ഘോഷയാത്രയ്ക്കിടെ വളരെ ഉയർന്ന ശബ്ദത്തിൽ ഡിജെ പ്ലേ ചെയ്തതാണ് ദാരുണമായ സംഭവത്തിന് കാരണമെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആശിഷ് ഉപാധ്യായ പറഞ്ഞു. ഡിജെ എത്തിയതിന് പിന്നാലെ ക്ലാസ് മുറിയിലും പ്രകമ്പനമുണ്ടായെന്നും അതാണ് കുട്ടിക്ക് അപകടമുണ്ടാകന്‍ കാരണമെന്നും ക്ലാസ് ടീച്ചറായ ഇഖ്റ ഖാന്‍ പറഞ്ഞു. 

‌എന്നാല്‍ കുട്ടിയുടെ മരണകാരണം ഡിജെയുടെ ശബ്ദമാണെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണകാരണം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷം മാത്രമെ വ്യക്തമാകൂ എന്നും കുടുംബത്തിന്‍റെ ആരോപണം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

A second-grade student in Uttar Pradesh's Balrampur district tragically collapsed and died inside her classroom after a DJ vehicle passed by with extremely loud music. CCTV footage from the school captured children panicking and the young girl becoming distressed as loud vibrations shook the room during a Ganesha idol immersion procession. Her family alleges that the intense noise triggered multiple heart attacks, leading to her sudden death before reaching the hospital. Police have stated that the exact cause of death will be confirmed only after the post-mortem report, and investigations into the family's allegations are underway.