ഉത്തർപ്രദേശില്‍ ഷാജഹാൻപൂർ ജില്ലയിലെ ശ്മശാനത്തില്‍ കത്തിക്കൊണ്ടിരുന്ന ചിതയില്‍ കോഴിയിറച്ചി പാകം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പുവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ നത്താപൂർ ഗ്രാമത്തിലാണ് സംഭവം.
വയോധികന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഒരുക്കിയ ചിത പൂർണമായും കത്തിയെരിയുന്നതിനു മുന്‍പ് മൂന്ന് പേർ അതില്‍ മാംസം പാകം ചെയ്തതെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് മരിച്ചയാളുടെ കുടുംബം പൊലീസിൽ പരാതി നൽകി.
സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് കുടുംബാംഗങ്ങൾ മടങ്ങിയതിന് പിന്നാലെയാണ് പ്രതികൾ ശ്മശാനത്തിലെത്തിയതെന്ന് പൊലീസ് പറയുന്നു. മരിച്ചയാളുടെ മകൻ വീർപാൽ ശ്മശാനത്തില്‍ തിരിച്ചെത്തിയപ്പോഴാണ് കത്തിക്കൊണ്ടിരുന്ന ചിതയിൽ മൂന്ന് പേർ ചേര്‍ന്ന് മാംസം പാകം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീർപാൽ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സുരേന്ദ്ര എന്നയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിലുൾപ്പെട്ട മറ്റ് രണ്ടുപേർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിലെ സുരേന്ദ്ര നൽകിയ മൊഴി പ്രകാരം, മദ്യപിക്കാനായി മൂന്ന് പേരും സ്ഥലത്തെത്തിയതാണെന്നും ചിതയിലെ തീ ഉപയോഗിച്ച് മാംസം പാകം ചെയ്തെന്നും പറയുന്നു.
അതേസമയം, മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള താന്ത്രിക കർമങ്ങളാണ് നടന്നതെന്ന വിധത്തില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പ്രചരണങ്ങളുടെയും യഥാർഥ ഉദ്ദേശ്യം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായാണ് റിപ്പോർട്ട്. സംഭവത്തിലുൾപ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചിലും പുരോഗമിക്കുന്നു.