crime-news

21 കാരിയായ സഹോദരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി സഹോരന്‍മാര്‍. സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കൊലപാതക ശേഷം മൃതദേഹം കെട്ടിത്തൂക്കി. പ്രണയബന്ധത്തിന്റെ പേരിലാണ് ക്രൂര കൊലപാതകം അരങ്ങേറിയതെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോപിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഖാവോൺ ഗ്രാമത്തിലെ തേരാസ് ബിന്ദിന്‍റെ മകൾ ഖുഷി ബിന്ദിന്‍റെ മൃതദേഹം നവംബർ 4-നാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.    

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ടതായി കണ്ടെത്തി. പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ഖുഷിയുടെ ഇളയ സഹോദരന്മാരായ 18 കാരനായ സുരാജ് ബിന്ദും 15 കാരനായ സഹോദരനും ചേർന്ന് അവളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി കുറ്റം സമ്മതിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖുഷി മൊബൈൽ ഫോണിലൂടെ മറ്റൊരാളുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇതിനെ കുടുംബം എതിർത്തിരുന്നുവെന്നും സഹോദരന്മാർ പൊലീസിനോട് പറഞ്ഞു. നവംബർ 4-ന് അവൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ സഹോദരന്മാർ ഇതിനെ എതിർക്കുകയും, തുടർന്നുണ്ടായ തർക്കത്തിനിടയിൽ അവർ അവളെ കഴുത്തുഞെരിച്ചു കൊല്ലുകയുമായിരുന്നു.

മരണത്തിന് ശേഷം കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം വീടിനുള്ളിൽ തൂക്കിയിടുകയായിരുന്നു. സംഭവത്തില്‍ ഗോപിഗഞ്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. 

ENGLISH SUMMARY:

Uttar Pradesh crime news reports that a 21-year-old woman was strangled to death by her younger brothers over a romantic relationship, with the family later staging the murder to look like a suicide.