tea-stall-lpg-gas-cylinder-blast-two-injured
  • കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് എൽ.പി.ജി സിലിണ്ടറുകളിൽ ഒന്നിലെ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി

നവി മുംബൈയിലെ സാൻപാഡയിൽ ലഘുഭക്ഷണ ശാലയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രാവിലെ സാൻപാഡ സെക്ടർ ഒന്നിലെ ഹൗസിംഗ് സൊസൈറ്റിയുടെ താഴത്തെ നിലയിലുള്ള കടയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ കെട്ടിടത്തിന് കാര്യമായ കേടുപറ്റി. 50 അടി അകലെയുള്ള ഒരു ആശുപത്രിയുടെ മുൻഭാഗത്തെ ചില്ലുവാതിലടക്കം സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ തകര്‍ന്നു. രോഗികൾക്കോ ആശുപത്രി ജീവനക്കാർക്കോ പരിക്കില്ല.

രാവിലെ 6.13-നാണ് സാൻപാഡ സെക്ടർ ഒന്നിലെ പ്രതീക് സി.എച്ച്.എസിലുള്ള കടയില്‍ സിലിണ്ടർ പൊട്ടിത്തെറിച്ചതായി വാശി ഫയർ സ്റ്റേഷനിലേക്ക് അടിയന്തര സന്ദേശം ലഭിച്ചത്. അഞ്ച് മിനിറ്റിനകം ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കടയിൽ സൂക്ഷിച്ചിരുന്ന മൂന്ന് എൽ.പി.ജി സിലിണ്ടറുകളിൽ ഒന്നിലെ ചോർച്ചയാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി.

കടയില്‍ ജോലി ചെയ്തിരുന്ന രണ്ട് പേർക്കാണ് പൊള്ളലേറ്റത്. ഇവര്‍ വാഷിയിലെ എൻ.എം.എം.സി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അർജുൻ യാദവ് (46), മനീഷ് യാദവ് (26) എന്നിവര്‍ക്കാണ് പരുക്ക്. ഇതില്‍ അർജുൻ യാദവിന് 75 ശതമാനവും മനീഷ് യാദവിന് 90 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ലഘുഭക്ഷണ ശാലയ്ക്ക് തൊട്ടടുത്തുള്ള രണ്ട് കടകൾക്കും സമീപത്തെ അഭിമന്യു സി.എച്ച്.എസിലെ മറ്റ് മൂന്ന് കടകൾക്കും സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. 

ENGLISH SUMMARY:

A severe LPG cylinder blast occurred at a tea stall located in Sanpada, Navi Mumbai, leaving two workers critically injured. The explosion took place early in the morning on the ground floor of the Pratik CHS residential building due to a gas leak. Firefighters from the Vashi Fire Station responded within five minutes of receiving the emergency call at 6:13 AM. The injured workers, identified as Arjun Yadav and Manish Yadav, suffered up to 90% burn injuries and were admitted to NMMC Hospital in Vashi. The impact of the explosion damaged adjacent commercial shops and shattered glass doors at a nearby hospital located 50 feet away. Authorities confirmed that no hospital staff or patients were harmed during the incident.