Image Credit: X

Image Credit: X

  • കുപ്​പി എല്‍പി സ്കൂള്‍ അധ്യാപകന്‍ അണ്ണാ സാഹിബ് ദേശ്മുഖ്, ഹുനസാഗിയിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപകന്‍ ഗുരുരാജ് ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടി

ആര്‍എസ്എസിന്റെ മാര്‍ച്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരായ രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍. കര്‍ണാടകയിലാണ് സംഭവം. അധ്യാപകര്‍ കര്‍ണാടക സിവില്‍ സര്‍വീസ് റൂള്‍ ലംഘിച്ചുവെന്ന് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കുപ്​പി എല്‍പി സ്കൂള്‍ അധ്യാപകന്‍ അണ്ണാ സാഹിബ് ദേശ്മുഖ്, ഹുനസാഗിയിലെ ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപകന്‍ ഗുരുരാജ് ജോഷി എന്നിവര്‍ക്കെതിരെയാണ് നടപടി. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹുനസാഗിയില്‍ നടന്ന ആര്‍എസ്എസ് മാര്‍ച്ചില്‍ ദേശ്മുഖ് പങ്കെടുത്തുവെന്നായിരുന്നു ആരോപണം. ജോഷിയാവട്ടെ ഒക്ടോബര്‍ 12ന് വിജയാപുരയിലെ തളിക്കോട്ടില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തതിനുമാണ് അന്വേഷണം നേരിട്ടത്. അംബേദ്കര്‍ സ്വാഭിമാനി സേനയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ഇരുവരും ലംഘിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെ യാദ്ഗിര്‍ ഡപ്യൂട്ടി ഡയറ്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (DDPI) സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. 

അതേസമയം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വകാര്യ വ്യക്തികളും സംഘടനകളും ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറെടുക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകള്‍, ഗവണ്‍മെന്‍റ് എയ്‍ഡഡ് സ്ഥാപനങ്ങള്‍, പൊതു മൈതാനങ്ങള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയാകും നിയമത്തിന്‍റെ പരിധിയില്‍ വരിക. റജിസ്ട്രേഡ് സംഘടനകളാണെങ്കിലും ഇത്തരം സ്ഥലത്ത് പരിപാടികള്‍ നടണത്തണമെങ്കില്‍ സര്‍ക്കാരില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ആര്‍എസ്എസ് പോലെയുള്ള സംഘടനകള്‍ ശാഖയും മറ്റ് പരിപാടികളും നടത്തുന്നതിനായി സര്‍ക്കാര്‍ സ്കൂള്‍ പരിസരം ഉപയോഗിക്കുന്നത് തടയുകയാണ് നിയമത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്. 

പൊതുസ്ഥലങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ നടക്കുന്നതിനെതിരെ കര്‍ണാടകയില്‍ നേരത്തെ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. സര്‍ക്കാര്‍ സ്കൂളുകള്‍, കോളജുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ആര്‍എസ്എസ് പരിപാടികള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്ക് താന്‍ കത്തെഴുതിരുന്നതായി ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ വെളിപ്പെടുത്തി. ആര്‍എസ്എസ് പരിപാടിയില്‍ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ നെഗറ്റീവ് ആശയങ്ങളാണ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും നല്‍കുന്നതെന്നും ഭരണഘടനയുടെ അന്തസത്തയ്ക്കും രാജ്യത്തിന്‍റെ ഐക്യത്തിനും അത് എതിരാണെന്നും പ്രിയങ്ക് ഖര്‍ഗെ പറയുന്നു. 

ENGLISH SUMMARY:

Two government school teachers in Karnataka have been suspended following a departmental inquiry that found their participation in RSS marches violated the Karnataka Civil Services Conduct Rules. The action was taken against Anna Sahib Deshmukh and Gururaj Joshi by the Yadgir Deputy Director of Public Instruction after complaints were lodged by the Ambedkar Swabhimani Sena. Concurrently, the Karnataka government is preparing legislation to ban private organizations from using government schools, public grounds, and aided institutions without prior official permission. State authorities, including Minister Priyank Kharge, emphasized that such measures aim to prevent activities that undermine constitutional values and national unity.