mamdani-us
  • മാഡിസൻ സ്ക്വയർ ഗാർഡനിലെ പരിപാടിക്കെതിരെ മംദാനി
  • തുല്യതയില്‍ വിശ്വസിക്കുന്ന നഗരത്തിന്റെ മേയറാണ് താനെന്നും മംദാനി
  • ശനിയാഴ്ചയാണ് ഭാഗവതിന്റെ പരിപാടി

ആർഎസ്എസ് (RSS) മേധാവി മോഹൻ ഭാഗവത് പങ്കെടുക്കുന്ന ന്യൂയോർക്കിലെ മാഡിസൻ സ്ക്വയർ ഗാർഡനിലെ (MSG) പൊതുപരിപാടിയെ പിന്തുണയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. എന്നാൽ, സ്വകാര്യമായി സംഘടിപ്പിക്കുന്ന പരിപാടി റദ്ദാക്കാനുള്ള നിയമപരമായ അധികാരം (Jurisdiction) നഗരഭരണകൂടത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഭജനകാഴ്ചപ്പാടിലുള്ള പ്രസ്ഥാനം ആശങ്കാജനകമാണ്

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെയും ആഗോള സമ്പർക്ക പരിപാടിയുടെയും ഭാഗമായി ഓഗസ്റ്റ് 29 ശനിയാഴ്ചയാണ് അയ്യായിരത്തോളം ആളുകൾ പങ്കെടുക്കുന്ന 'യൂണിവേഴ്സൽ വൺനസ്' (Universal Oneness) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

ന്യൂയോർക്ക് സിറ്റി മേയറാകുന്ന ആദ്യ ഇന്ത്യൻ വംശജനായ സൊഹ്റാൻ മംദാനി, തന്റെ കുടുംബത്തിന് ഇപ്പോഴും ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ബഹുസ്വരതയിലും മതേതരത്വത്തിലും അധിഷ്ഠിതമായ, ഏവർക്കും തുല്യ അവകാശമുള്ള ഒരു ഇന്ത്യയെക്കുറിച്ചാണ് താൻ കണ്ടും കേട്ടും വളർന്നതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഒരു പ്രത്യേക വിഭാഗത്തെ മാത്രം ഉൾക്കൊള്ളുന്നതും മറ്റുള്ളവരെ ഒഴിവാക്കുന്നതുമായ പ്രത്യയശാസ്ത്രങ്ങളുടെ വളർച്ച ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇത്തരം വിഭജന കാഴ്ചപ്പാടുകളോട് തനിക്ക് വ്യക്തിപരമായും, തുല്യതയിലും വൈവിധ്യത്തിലും വിശ്വസിക്കുന്ന ന്യൂയോർക്ക് നഗരത്തിന്റെ മേയർ എന്ന നിലയിലും കടുത്ത എതിർപ്പാണുള്ളതെന്നും മംദാനി വ്യക്തമാക്കി.

പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 'ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്സ്', 'ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ', 'ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്' തുടങ്ങിയ വിവിധ സംഘടനകളുടെയും കൂട്ടായ്മ ന്യൂയോർക്ക് സിറ്റി ഹാളിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തിയിരുന്നു.

അതേസമയം, ആഗോളതലത്തിൽ സഹോദര്യവും ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ 'അഹെഡ് ഫോറം' (AHEAD Forum) ആണ് പരിപാടി സംഘടിപ്പിക്കുന്നത്. "ലോകം ഒറ്റ കുടുംബമാണ്" (വസുധൈവ കുടുംബകം) എന്ന സാർവത്രിക സന്ദേശമാണ് ഈ സംഗമം മുന്നോട്ടുവെക്കുന്നതെന്ന് സംഘാടകർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അമേരിക്ക കൂടാതെ കാനഡ, യുകെ എന്നിവിടങ്ങളിലും മോഹൻ ഭാഗവതിന്റെ പര്യടനം ഉണ്ട്.

ENGLISH SUMMARY:

New York City Mayor Zohran Mamdani has openly stated that he cannot support the upcoming public event featuring RSS chief Mohan Bhagwat at Madison Square Garden. However, he acknowledged that the city administration lacks the legal jurisdiction to cancel the privately organized gathering scheduled for August 29. Mamdani expressed personal opposition to divisive ideologies, contrasting them with the secular and pluralistic India he grew up hearing about. Meanwhile, various advocacy groups have staged protests outside City Hall, while event organizers maintain that the program promotes global unity and brotherhood.