priyank-kharge

 

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസിന്റെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖർഗെ. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക നൽകാൻ തനിക്ക് കഴിയുമെന്നും അതുപോലെ 50 പേരുടെ പട്ടികയെങ്കിലും ആർഎസ്എസിന് നൽകാനാകുമോയെന്നും പ്രിയങ്ക് ഖർഗെ വെല്ലുവിളിച്ചു. ഇന്ത്യയുടെ എൺപതാം സ്വാതന്ത്ര്യദിനത്തിലാണ് പ്രിയങ്ക് ഖർഗെ ആർഎസ്എസിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയത്.

 

'ആർഎസ്എസിനോടുള്ള എന്റെ ഒരേയൊരു ചോദ്യം ഇതാണ്, നിങ്ങൾ ഏത് സ്വാതന്ത്ര്യസമരത്തിലാണ് പങ്കെടുത്തതെന്ന് ഞങ്ങളോട് പറയൂ'- എന്നായിരുന്നു പ്രിയങ്കിന്‍റെ ചോദ്യം. വിഭജനത്തിന് പിന്നാലെയുണ്ടായ വർഗീയ കലാപങ്ങളിലും ഖാർഗെ ആർഎസ്എസിന്റെ പങ്കിനെ ചോദ്യം ചെയ്തു. കലാപകാലത്ത് ജനങ്ങളെ സംരക്ഷിക്കുന്നതിൽ സംഘടന എന്ത് പങ്കാണ് വഹിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യാ- പാക് വിഭജനത്തിന് ശേഷം നാട്ടിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതിലാണ് ആർഎസ്എസ് പങ്കുവഹിച്ചതെന്നും പ്രിയങ്ക് ആരോപിച്ചു.

 

ആർഎസ്എസ്സിന്റെ സംഘടനാപരമായ പദവിയെയും പ്രിയങ്ക് ഖർഗെ ചോദ്യം ചെയ്തു. 'ആർഎസ്എസിനെ എളുപ്പത്തിൽ 'നിരോധിക്കാൻ' കഴിയില്ല. സന്തോഷും മോഹൻ ഭാഗവതും പറഞ്ഞത് സത്യമാണ്, അവരെ നിരോധിക്കാൻ കഴിയില്ല. കാരണം അവർ രജിസ്റ്റർ ചെയ്തിട്ടുപോലുമില്ല. നിങ്ങളുടെ സംഘടനയെ നിരോധിക്കണമെങ്കിൽ, ആദ്യം നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതില്ലേ?' അദ്ദേഹം പരിഹസിച്ചു.

 

അതേസമയം, പ്രിയങ്ക് ഖർഗെയുടെ വിമർശനങ്ങൾക്ക് ബിജെപി നേതാവ് ബി.എൽ.സന്തോഷ് മറുപടി നൽകി. ആർഎസ്എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും സന്തോഷ് പറഞ്ഞു. വിഭജനകാലത്ത് ആർഎസ്എസ് ഹിന്ദുക്കൾക്കൊപ്പം നിന്നെന്നും അന്നും സംഘടന രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ഇന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒരു സംഘടനയുടെ നിലനിൽപ്പ് നിർണയിക്കുന്നത് രജിസ്ട്രേഷനല്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസമാണ് അതിന്റെ ശക്തിയെന്നും സന്തോഷ് പറഞ്ഞു. 

ENGLISH SUMMARY:

Priyank Kharge has questioned the RSS's participation in the Indian freedom struggle, challenging them to provide a list of martyrs similar to the 500 Congress workers he can name. He also criticized the organization's alleged role in communal riots post-partition and its unregistered status, sparking a response from BJP leader B.L. Santosh.