police-hits

TOPICS COVERED

കര്‍ണാടകയില്‍ ക്ഷേത്രത്തിലെ വിഐപി ദർശനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച ബിജെപി എംഎൽഎയുടെ മകള്‍ക്കെതിരെ കേസ്. തുമാകുരു ബിജെപി എംഎൽഎ സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഐപി ദര്‍ശനം കിട്ടാന്‍ ക്ഷേത്രത്തില്‍ വഴക്കുണ്ടാക്കി പൊലീസിനെ അടിച്ച് തിരിച്ചടി വാങ്ങുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മാണ്ഡ്യ, ശ്രീരങ്കപട്ടണയിലെ ആരതി ഉഘണ്ഡ ക്ഷേത്രത്തിലാണ് സംഭവം. ഐശ്വര്യ ക്ഷേത്രത്തിലെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയുമായി സംസാരിക്കുന്നത് പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. ഐശ്വര്യ ചോദിക്കുന്നതിന് ഉദ്യോഗസ്ഥ മറുപടി പറയുന്നതുമുണ്ട്. ഐശ്വര്യ വിഐപി പ്രവേശനം ചോദിക്കുകയും ഉദ്യോഗസ്ഥ അത് നിഷേധിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

പിന്നാലെ ഐശ്വര്യ ഫോണെടുത്ത് വിളിക്കുന്നതും കാണാം. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥയും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. പിന്നീട് ഐശ്വര്യ ക്ഷുഭിതയായി ഉദ്യോഗസ്ഥയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥയും ഐശ്വര്യയുടെ മുഖത്തടിച്ചു. തുടര്‍ന്ന് ഇത് തര്‍ക്കമാകുകയും ഉടന്‍ മറ്റ് ഉദ്യോഗസ്ഥര്‍ ഇടപെടുകയുമായിരുന്നു. 

രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഐശ്വര്യയ്ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം, ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്ന് ആരോപിച്ച് പൊലീസിനെതിരെ ഐശ്വര്യയും കേസ് കൊടുത്തിട്ടുണ്ട്.

ENGLISH SUMMARY:

VIP culture is prevalent everywhere, granting preferential treatment to public representatives and celebrities. This preferential access in temples has led to a viral video of an MLA's daughter assaulting a police officer after being denied VIP darshan at the Arati Uganda temple in Srirangapatna, Mandya.