• സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായി 140 കോടി ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി

രാജ്യം എൺപതാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിൽ. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം ആലപിച്ചു. രാജ്യത്തിന് അഭിമാന നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വന്ദേമാതരം എല്ലാ ഇന്ത്യക്കാരുടെയും ഹൃദയങ്ങളിൽ അലയടിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ 281 പേർക്ക്; പ്രഖ്യാപനം അര്‍ധരാത്രിയില്‍

ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തിയതോടെയാണ് രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്. രാജ്യത്തിന്റെ സ്വപ്നങ്ങൾ വലുതായിരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അതിനായി 140 കോടി ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ദേശീയപതാക ഉയർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ടാണ് സർക്കാർ പ്രവർത്തിച്ചതെന്നും വിഭാഗീയതയുടെ അടിസ്ഥാനത്തിൽ ആരെയും വേർതിരിച്ചു കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞു. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണെന്നും മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് മുന്നോട്ടുപോകേണ്ട സാഹചര്യം ഇന്ത്യയ്ക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കളില്‍ വലിയ വിശ്വാസമെന്ന് പ്രധാനമന്ത്രി. ജെന്‍സികള്‍ രാജ്യത്തെ വികസിതമാക്കാന്‍ സഹായിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ നരേന്ദ്രമോദി പറ​‍ഞ്ഞു.  രാജ്യത്തെ വികസിതമാക്കാന്‍ യുവാക്കള്‍ക്ക് കഴിയുമെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ നിര്‍മിത 6G ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ഏകദേശം 5,000 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷമാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പരിപാടികളുടെ പ്രധാന ആശയം. രാജ്യത്തിന്റെ വളർച്ചയിൽ യുവാക്കളുടെ ശക്തിയും അവരുടെ സംഭാവനകളും ആഘോഷങ്ങളുടെ ഭാഗമായി ഉയർത്തിക്കാട്ടും.

കഴിഞ്ഞ വർഷം നവംബറിൽ ചെങ്കോട്ടയിലുണ്ടായ സ്ഫോടനവും ഇന്നലെ ലഭിച്ച ബോംബ് ഭീഷണിയും ഉൾപ്പെടെയുള്ള സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഡൽഹിയിൽ ഏകദേശം 20,000 പൊലീസ്, കേന്ദ്രസേനാ ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Prime Minister Narendra Modi hoisted the National Flag at the Red Fort to mark India's 80th Independence Day. In his address, he called for making India a developed nation by 2047, highlighted the country's progress over the past 12 years, and said 25 crore people had been lifted out of poverty. The ceremony also witnessed the first-ever rendition of 'Vande Mataram' at the Red Fort, while Delhi remained under tight security.