ജയിലിൽ കഴിയുന്ന ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായി ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഫോട്ടോ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ യുവാവ് പിടിയിൽ. ബിലാസ്പൂർ ജില്ലയിലെ സിപത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദേവ്‌രി ഗ്രാമത്തിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഋഷികേശ് കുമാർ എന്ന യുവാവാണ് പിടിയിലായത്.

വെള്ളിയാഴ്ച രാത്രി ശ്മശാന ഭൂമിയിൽ ദുരൂഹമായ സാഹചര്യത്തിൽ നാല് പേർ പൂജകളും മന്ത്രവാദവും നടത്തുന്നത് ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഗ്രാമവാസികൾ അടുത്തേക്ക് ചെന്നപ്പോൾ മൂന്ന് പേർ ഓരക്ഷപ്പെടുകയും, ഋഷികേശ് കുമാർ പിടിയിലാവുകയും ചെയ്തു. നാട്ടുകാർ പിന്നീട് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് പൂജാദ്രവ്യങ്ങളും മീൻ, നാരങ്ങ, സിന്ദൂരം എന്നിവയും കണ്ടെടുത്തു. ഒപ്പം ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയുടെ ഫോട്ടോയും, കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പേരുടെ ചിത്രങ്ങളും ഇവിടെയുണ്ടായിരുന്നു.

പൊലീസിന്‍റെ ചോദ്യം ചെയ്യലിലാണ് യുവാവ് മന്ത്രവാദത്തിന്‍റെ ലക്ഷ്യം വ്യക്തമാക്കിയത്. ഒരു കുത്തുകേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന പ്രിയാൻഷു ബോലെ എന്ന തന്‍റെ ബന്ധുവിന് ജാമ്യം ലഭിക്കുന്നതിനായാണ് ഇവർ മന്ത്രവാദത്തിനെത്തിയത്. കേസിൽ ചിലർക്ക് ജാമ്യം ലഭിച്ചെങ്കിലും പ്രിയാൻഷുവിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇന്റർനെറ്റിൽ ഒരു മന്ത്രവാദ വിഡിയോ കണ്ടതോടെ ഇത്തരം പൂജകൾ നടത്തിയാൽ ജാമ്യം ലഭിക്കുമെന്ന് കരുതി ഇവർ ശ്മശാനത്തിൽ എത്തുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അതേസമയം, ഇത്തരത്തില്‍ അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിലാസ്പൂർ സൂപ്രണ്ട് ഓഫ് പൊലീസ് രജ്നീഷ് സിങ് വ്യക്തമാക്കി. ഇത്തരം മന്ത്രവാദ കർമ്മങ്ങളിലൂടെ ജാമ്യം ലഭിക്കില്ലെന്നും, കുറ്റവാളികൾ നിയമവ്യവസ്ഥയെ മാനിക്കുകയാണ് വേണ്ടതെന്നും പൊലീസ് ഓർമ്മിപ്പിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

Rishikesh Kumar was arrested by the police in Bilaspur, Chhattisgarh, after he and three others were caught performing black magic rituals in a cemetery using the photograph of Chhattisgarh High Court Chief Justice Ramesh Sinha. The rituals were conducted in a desperate bid to secure bail for their jailed relative, Priyanshu Bole, who is accused in a stabbing case. While three accomplices managed to escape, Rishikesh was detained by local villagers and handed over to authorities, where he confessed they were inspired by a video they found on the internet.