പ്രതീകാത്മക ചിത്രം

അഭിഭാഷകനായാൽ ആരും നിയമത്തിന് അതീതരാകില്ലെന്നും അന്വേഷണ ഏജൻസിക്ക് നിയമപരമായ സഹായം നൽകാൻ അഭിഭാഷകൻ ബാധ്യസ്ഥനാണെന്നും ജമ്മു കശ്മീർ &  ലഡാക്ക് ഹൈക്കോടതി. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ നിരന്തരം വിളിപ്പിക്കുന്നുവെന്ന പരാതിയുമായി അഭിഭാഷകൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഓർമപ്പെടുത്തൽ.  

ഹർജിക്കാരൻ ഒരു അഭിഭാഷകനാണെന്നതുകൊണ്ട് നിയമത്തിന് അതീതനാക്കുന്നില്ല. മറിച്ച്, കോടതി ഉദ്യോഗസ്ഥനും നിയമവശങ്ങൾ നന്നായി അറിയാവുന്നയാളും എന്ന നിലയിൽ, അന്വേഷണ ഏജൻസിക്ക് ആവശ്യമായ നിയമ സഹായം നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്.  പ്രസ്തുത കേസിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതിനും യഥാർത്ഥ കുറ്റവാളിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനും ഇത്തരം സഹായം അനിവാര്യമാണ്. അത് നീതി നിർവ്വഹണത്തിൽ കോടതി ഉദ്യോഗസ്ഥനിൽനിന്ന് പ്രതീക്ഷിക്കുന്ന ചുമതലകൾക്ക് അനുസൃതമാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് പരിഹാർ വാക്കാൽ നിരീക്ഷിച്ചു.  

പൊലീസും നിയമ നടപടിക്രമങ്ങൾ കർശനമായി പാലിക്കാൻ ബാധ്യസ്ഥരരാണെന്നും കോടതി ഓർമ്മിപ്പിച്ചു.  അന്വേഷണ സംഘം അഭിഭാഷകന്റെ സാന്നിധ്യമോ സഹായമോ ആവശ്യപ്പെടുമ്പോൾ, നിയമപരമായ മുൻകൂർ നടപടിക്രമങ്ങൾ പാലിക്കണമെന്ന് കോടതി നിർദേശിച്ചു.  തട്ടിക്കൊണ്ടുപോകൽ, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ നിരന്തരം വിളിപ്പിക്കുന്നുവെന്നായിരുന്നു അഭിഭാഷകൻ നൽകിയ ഹർജിയിലെ ആക്ഷേപം. തട്ടിക്കൊണ്ടുപോകൽ, പോക്‌സോ കേസിലെ ഇരയെന്ന് സംശയിക്കുന്ന വ്യക്തിക്ക് വേണ്ടി ഈ അഭിഭാഷകൻ സത്യവാങ്മൂലം തയ്യാറാക്കി നൽകിയിരുന്നു.  കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഹർജിക്കാരനോട് പൊലീസ് ഹാജരാകാൻ ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.  

നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ സ്റ്റേഷനിലേക്ക് നിരന്തരം വിളിപ്പിച്ചത് എന്നായിരുന്നു അഭിഭാഷകൻറെ വാദം.  അന്വേഷണത്തിന്റെ മറവിൽ പൊലീസ് ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നും അഭിഭാഷകൻ ആരോപിച്ചു.   എന്നാൽ, ഈ ആരോപണം പൊലീസ് നിഷേധിച്ചു. കേസിലെ പരാതിക്കാരിയായ  പെൺകുട്ടി അഭിഭാഷകനെ ബന്ധപ്പെട്ടിരുന്നതായി അഫിഡവിറ്റിൽനിന്ന് വ്യക്തമാണെന്നും, പെൺകുട്ടിയുടെ വിവരങ്ങൾ അറിയാൻ മാത്രമാണ് അന്വേഷണോദ്യോഗസ്ഥൻ അഭിഭാഷകൻറെ സഹായം തേടിയതെന്നും പൊലീസ് കോടതിയെ അറിയിച്ചു.  

ഈ സാഹചര്യത്തിൽ പൊലീസ് നിയമവിരുദ്ധമായി പ്രവർത്തിച്ചു എന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.  അന്വേഷണത്തിൽ അഭിഭാഷകൻറെ സഹായമോ സാന്നിധ്യമോ ആവശ്യമാണെങ്കിൽ, അത് നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ തേടാവൂ എന്ന് ആവർത്തിച്ച ഹൈക്കോടതി ഹർജി തീർപ്പാക്കി.

 

ENGLISH SUMMARY:

Lawyer duty is to assist in investigations, even when facing them, as affirmed by the Jammu & Kashmir and Ladakh High Court. The court emphasized that no one, including an advocate, is above the law and that lawyers are obligated to provide legal aid to investigating agencies.