Image Credit : runicreativelab
സംസ്ഥാനത്ത് പവര്‍ കട്ടും വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ട്രോളി സോഷ്യല്‍മീഡിയ. ജയിലര്‍ 2ലെ പാട്ടിനൊത്ത് കെഎസ്ഇബി ജീവനക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ എഐ വിഡിയോ സൈബറിടത്ത് ചിരിപടര്‍ത്തുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്. വിഡിയോ വൈറലായതിന് പിന്നാലെ അത്തരത്തിലുളള രസകരമായ എഐ വിഡിയോകള്‍ കൊണ്ട് നിറയുകയാണ് സോഷ്യല്‍ വാളുകള്‍.
മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലെ രസകരമായ ഒരു രംഗമാണ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും വച്ച് എഐയുടെ സഹായത്തോടെ പുനരാവിഷ്കരിച്ചിരിക്കുന്നത്. വിഡിയോയില്‍ സലിംകുമാറിന്‍റെ കഥാപാത്രമായെത്തുന്നത് മുഖ്യമന്ത്രി വി.ഡി.സതീശനും മമ്മൂട്ടിയുടെ വീരേന്ദ്ര മല്ലയ്യ എന്ന കഥാപാത്രമായെത്തുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമാണ്. 'മുല്ലയ്യാ... എന്‍റെ ബാത്ത്റൂമിലെ ലൈറ്റ് കത്തുന്നില്ല.. ഒരു പെട്രോമാക്സ് കിട്ടിയാല്‍ കാര്യം സാധിക്കായിരുന്നു' എന്ന് പറയുന്ന രസകരമായ എഐ വിഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. സംസ്ഥാനത്ത് കടുത്ത ചൂടിനൊപ്പം വൈദ്യുതി ക്ഷാമം കൂടി നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പലതരത്തിലാണ് ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടമാക്കുന്നത്.
ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളുടെ രൂപത്തിലാണ് ജനരോഷം പ്രകടമാകുന്നതെങ്കില്‍ സൈബറിടത്ത് ട്രോളുകളുടെയും എഐ വിഡിയോകളുടെ രൂപത്തിലുമാണ് ജനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയോട് പ്രതികരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ലെന്നാണ് വിഷയത്തിൽ വൈദ്യുതി മന്ത്രി പ്രതികരിച്ചത്. അമാനുഷികമായി പ്രശ്നം പരിഹരിക്കാനാകില്ലെന്നും രാത്രികാലങ്ങളിൽ വലിയ രീതിയിൽ ഉപഭോഗം കൂടിയത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. പവർ എക്‌സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കെഎസ്ഇബി ചെയർമാൻ എം.ജി.രാജമാണിക്യം വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ 13ാം ദിവസവും പവര്‍കട്ട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഊര്‍ജപ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതികരിച്ചു. ആവശ്യം കൂടിയിട്ടും വൈദ്യുതി വാങ്ങാനാവുന്നില്ലെന്നും ഇരട്ടി വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.