മധ്യപ്രദേശില്‍ ജയില്‍ വാര്‍ഡനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച് തടവുകാരന്‍. മധ്യപ്രദേശിലെ റായ്‌സൻ ജയിലിലാണ് അതിസാഹസിക ജയല്‍ചാട്ടത്തിനുളള ശ്രമം നടന്നത്. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സെപ്റ്റംബർ 2ന് നടന്ന സംഭവത്തിന്റെ 2 മിനിറ്റ് ദൈര്‍ഘ്യമുളള വിഡിയോയാണ് പുറത്തുവന്നത്. കൊലപാതക കേസുകളിലും വധശ്രമക്കേസുകളിലും വിചാരണ നേരിടുന്ന നീലേഷ് (ഛോട്ടേൽ) എന്ന തടവുകാരനാണ് ജയില്‍ വാര്‍ഡനെ വെടിവെച്ച് പരുക്കേല്‍പ്പിച്ച ശേഷം പുറത്തുകടക്കാന്‍ ശ്രമിച്ചത്.
പ്രതിയുടെ ആക്രമണത്തില്‍ ജയില്‍ വാർഡൻ ദിഗ്വിജയ് സിങ് തോമറിനാണ് പരുക്കേറ്റത്. ദിഗ്വിജയ് സിങ്ങിനെ ആക്രമിച്ച് പുറത്തേക്ക് കടക്കാനുളള ഗേറ്റിന്‍റെ താക്കോല്‍ കൈക്കലാക്കുകയായിരുന്നു നീലേഷിന്‍റെ ലക്ഷ്യം. എന്നാല്‍ വെടിയേറ്റിട്ടും എഴുന്നേറ്റ് വന്ന ദിഗ്വിജയ് സിങ് മറ്റു ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നീലേഷിനെ കീഴക്കുകയായിരുന്നു. പഴങ്ങള്‍ കഴിക്കാനെന്ന വ്യാജേനയാണ് പ്രതി നീലേഷ് ജയില്‍ വാര്‍ഡനായ ദിഗ്വിജയ് സിങ്ങിന്‍റെ അടുത്തെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കയ്യില്‍ കരുതിയ നാടന്‍ തോക്കുപയോഗിച്ച് നീലേഷ് ദിഗ്വിജയ് സിങ്ങിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനിടയില്‍ കയ്യിലുണ്ടായിരുന്ന മുളകുപൊടിയും നീലേഷ് വാര്‍ഡന് നേരെ പ്രയോഗിച്ചു.
പരുക്കേറ്റ് നിലത്ത് വീഴുന്നതിനിടയില്‍ വാര്‍ഡന്‍റെ തലയിലും തോക്കുകൊണ്ട് പ്രതി ആഞ്ഞടിച്ചിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടും എഴുന്നേറ്റ് വന്ന് ദിഗ്വിജയ് സിങ് പ്രതിയെ കീഴടക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ശബ്ദം കേട്ട് ഓടിയെത്തിയ മറ്റ് ജയില്‍ അധികൃതര്‍ കൂടി ചേര്‍ന്നാണ് അക്രമാസക്തനായ നീലേഷിനെ കീഴടക്കാന്‍ സഹായിച്ചത്. പിടിവലിക്കിടെ പ്രതിയുടെ കയ്യിലുണ്ടായിരുന്ന നാടൻ തോക്കും ബുളളറ്റുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ജയിൽ ചാട്ടം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ഇതേ ജയിലില്‍ കഴിയുന്ന മറ്റൊരു തടവുകാരനായ രാഹുൽ ബേഡിയുടെയും ഇയാളുടെ സുഹൃത്ത് ശുഭം ബേഡിയുടെയും സഹായമാണ് നീലേഷിന് ലഭിച്ചതെന്നും വ്യക്തമായി.