സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ കോടതി. പതിമൂന്നും പതിനാലും വയസ് മാത്രം പ്രായമുള്ള രണ്ട് ഹിന്ദു പെണ്‍കുട്ടികളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ സിന്ധിലെ ടന്‍ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടതായി സിന്ധി മനുഷ്യാവകാശ ഗ്രൂപ്പ് (Sindh Renaissance) വെളിപ്പെടുത്തി. ഉത്തരവ് കേട്ട് ഇരുവരും ‘വീട്ടില്‍ പോകണം’ എന്ന് കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ അനുവദിച്ചില്ലെന്ന് പാക്കിസ്ഥാനി പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ വീംഗാസ് വീഡിയോ പങ്കുവച്ച് വ്യക്തമാക്കി. പെൺകുട്ടികൾ കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
Also Read: കോംഗോയിൽ സ്കൂളിൽ വൻ തീപിടിത്തം; 15 വിദ്യാർഥികളടക്കം 17 പേർ വെന്തുമരിച്ചു
കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി, മതപരിവർത്തനം നടത്തുകയും അംജദ് സോളങ്കി, മൻസൂർ സോളങ്കി എന്നിവർക്ക് വിവാഹം ചെയ്തു നൽകുകയും ചെയ്തത്. കുടുംബത്തെ ഉദ്ധരിച്ച് യുഎസ് ആസ്ഥാനമായ സിന്ധി അവകാശ ഗ്രൂപ്പ്, സിന്ധ് റിനൈസൻസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.
സഹോദരിമാരായ സീതയുടെയും രൂപിയുടെയും കേസില്‍ ഉത്തരവ് വന്നതിന് പിന്നാലെ ടന്‍ഡോ അല്ലാഹ്യാറിൽ നിന്ന് 14 വയസ്സുള്ള പൻസി കോലി എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതായി വീംഗാസ് പറഞ്ഞു. സിന്ധ് ജില്ലയിൽ നിന്ന് 10 ദിവസത്തിനിടെ പ്രായപൂർത്തിയാകാത്ത ആറ് ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തിയെന്നും അവർ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു ജനസംഖ്യയുള്ള പ്രവിശ്യയാണ് സിന്ധ്. ഇവിടത്തെ പാർശ്വവൽക്കരിക്കപ്പെട്ട കോലി, ഭീൽ, മേഘ്‌വാർ സമുദായങ്ങളിലെ പെണ്‍കുട്ടികളാണ് ഇത്തരം വേട്ടയാടലുകൾക്ക് കൂടുതല്‍ ഇരയാകുന്നത്. ദാരിദ്ര്യവും നിയമസഹായം തേടാനുള്ള പരിമിതികളും ഇവരെ കൂടുതൽ ദുർബലരാക്കുന്നു.
നിയമം കാറ്റിൽപ്പറത്തി ബാലവിവാഹം
സിന്ധ് ചൈൽഡ് മാര്യേജ് റെസ്ട്രെയിന്റ് ആക്ട് (2013) പ്രകാരം പാക്കിസ്ഥാനില്‍ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും കുറഞ്ഞ വിവാഹപ്രായം 18 വയസ്സാണ്. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തുന്നത് ജാമ്യമില്ലാത്തതും ഗുരുതരവുമായ ക്രിമിനൽ കുറ്റമാണ്. എന്നിട്ടും 13-ഉം 14-ഉം വയസ്സുള്ള കുട്ടികളെ സംരക്ഷിക്കാൻ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ‘അവർ കുട്ടികളാണ്, വധുക്കളോ മതപരിവർത്തനം ചെയ്യപ്പെടേണ്ടവരോ അല്ല,’ മനുഷ്യാവകാശ പ്രവർത്തകയായ ആയിഷ ഗിൽ തുറന്നടിച്ചു.
തുടർക്കഥയാകുന്ന ക്രൂരതകൾ
നൂറുകണക്കിന് ഹിന്ദു യുവതികളാണ് പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാകുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷണൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തര രാജ്യാന്തര ഇടപെടൽ വേണമെന്നും, പെൺകുട്ടികളുടെ പ്രായം ഔദ്യോഗികമായി തിട്ടപ്പെടുത്തി അവരെ സുരക്ഷിതമായി സ്വന്തം കുടുംബത്തിലേക്ക് തിരിച്ചയക്കണമെന്നും പാക്കിസ്ഥാനിലുള്ളിലും ആവശ്യമുയര്‍ന്നിട്ടുണ്ട്.