Image Credit: X

  • ഇംഗ്ലണ്ടിലെ പ്രാദേശിക പത്രത്തില്‍ 'കുറച്ച് ഏഷ്യക്കാര്‍ ഒരു കോച്ചെന്ന് തോന്നിക്കുന്ന ആള്‍ക്കൊപ്പം പോര്‍ട്സ്മൗത്തില മാരിയറ്റ് ഹോട്ടലില്‍ ചുറ്റിത്തിരിയുന്നത് കണ്ടതായി' റിപ്പോര്‍ട്ട് വന്നതാണ് സംഭവത്തിന്‍റെ തുടക്കം

യുകെയില്‍ പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ ടീം അഭയാര്‍ഥികളെന്ന് തെറ്റിദ്ധരിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ടീം താമസിച്ച ഹോട്ടലിന് പുറത്ത് കുടിയേറ്റ വിരുദ്ധര്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുത്തുവെന്നും പ്രതിഷേധക്കാരെ അനുനയിപ്പിച്ച് അധികൃതര്‍ മടക്കി അയച്ചുവെന്നുമാണ് വാര്‍ത്തകള്‍. സതേണ്‍ ഇംഗ്ലണ്ടിലായിരുന്നു സംഭവം. പാക്കിസ്ഥാന്‍റെ അണ്ടര്‍ 19 ടീം താമസിച്ച ഹോട്ടലിന് പുറത്താണ് അസാധാരണ സംഭവങ്ങള്‍ ചൊവ്വാഴ്ച ഉണ്ടായത്. പോര്‍ട്സ്മൗത്തിലുണ്ടായ കുടിയേറ്റ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായതിന് 48 മണിക്കൂര്‍ തികയും മുന്‍പേയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാക്കിസ്ഥാന്‍റെ സീനിയര്‍ ടീം നിലവില്‍ ഏജ്ബാസ്റ്റണില്‍ മൂന്നാം ടെസ്റ്റ് കളിക്കുകയാണ്. 

ഇംഗ്ലണ്ടിലെ പ്രാദേശിക പത്രത്തില്‍ കുറച്ച് ഏഷ്യക്കാര്‍ ഒരു കോച്ചെന്ന് തോന്നിക്കുന്ന ആള്‍ക്കൊപ്പം പോര്‍ട്സ്മൗത്തില മാരിയറ്റ് ഹോട്ടലില്‍ ചുറ്റിത്തിരിയുന്നത് കണ്ടതായി റിപ്പോര്‍ട്ട് വന്നതാണ് സംഭവത്തിന്‍റെ തുടക്കം. വാര്‍ത്ത പരന്നതോടെ ഒരു സംഘം ആളുകള്‍ ഹോട്ടലിന് പുറത്തേക്ക് പ്രതിഷേധവുമായി എത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൗണ്‍സിലര്‍മാരിലൊരാളാണ് സംഭവത്തിന്‍റെ നിജസ്ഥിതി അറിഞ്ഞ് പ്രതിഷേധക്കാരെ കാര്യം പറഞ്ഞ് മനസിലാക്കിയതെന്നും അഭയാര്‍ഥികളല്ല, സംഘം പാക്കിസ്ഥാനില്‍ നിന്നുള്ള ക്രിക്കറ്റ് താരങ്ങളാണെന്ന് അറിയിച്ചതെന്നും ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിമിഷ നേരം കൊണ്ടാണ് മുപ്പതിലേറെ വരുന്ന ആളുകള്‍ തടിച്ച് കൂടിയതെന്നും പക്ഷേ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞുവെന്നും ദൃക്സാക്ഷികളിലൊരാള്‍ ഗാര്‍ഡിയനോട് വെളിപ്പെടുത്തി.

സംഭവത്തെ വംശീയ വിരുദ്ധ സംഘടനാ പ്രതിനിധി മൈക്കല്‍ ബ്രാഡ്​ലി അപലപിച്ചു. 'പാക്കിസ്ഥാനില്‍ നിന്നുള്ള അണ്ടര്‍ 19 ടീം അംഗങ്ങള്‍ക്ക് പോലും യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭകരെ നേരിടേണ്ടി വരുന്നത് പ്രകടമായ വംശീയതയാണെന്നും കറുത്ത വര്‍ഗക്കാരായവരോ, ഏഷ്യക്കാരയവരോ നഗരത്തിലേക്ക് എത്തിയാല്‍ അക്രമികളുടെ ലക്ഷ്യമാകുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാധാരണയായി യൂറോപ്പില്‍ നിന്നും ചെറുബോട്ടുകളിലായി ആയിരങ്ങളാണ് അഭയം തേടി വര്‍ഷം തോറും യുകെയിലേക്ക് എത്തുന്നത്. ഇത് ബ്രിട്ടനില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴി വയ്ക്കാറുമുണ്ട്. ഇങ്ങനെയുണ്ടാകുന്ന പ്രതിഷേധങ്ങളില്‍ ചിലതൊക്കെ അക്രമാസക്തവുമാകാറുണ്ട്. 

ENGLISH SUMMARY:

The Pakistan Under-19 cricket team touring the UK was reportedly mistaken for refugees outside their hotel in Southern England, prompting an anti-immigration protest. The incident occurred outside the Marriott Hotel in Portsmouth after local media reported seeing a group of Asians led by a coach, causing around 30 protesters to gather. Local authorities and councilors intervened promptly, clarifying to the crowd that the group was a visiting sports delegation rather than asylum seekers, thereby averting potential violence. Anti-racism advocates have condemned the incident, pointing to it as a concerning manifestation of racial profiling amid ongoing UK migration tensions.