congo-fire-school

TOPICS COVERED

കിഴക്കൻ ഡെമക്രറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (ഡിആർസി) ബുക്കാവുവിൽ സ്കൂൾ കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ വിദ്യാർഥികളടക്കം 17 പേർ ദാരുണമായി കൊല്ലപ്പെട്ടു. സൗത്ത് കിവു പ്രവിശ്യയുടെ തലസ്ഥാനമായ ബുക്കാവു വിമത നിയന്ത്രണത്തിലുള്ള നഗരമാണ്. 

congo-fire-school-n

ഉജാമ (Ujamaa), ഫുറാ (Furaah) എന്നീ സ്കൂളുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. ക്ലാസ് മുറികളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ കുട്ടികൾ പുറത്തേക്കോടാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ കടുത്ത തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. മരിച്ച 15 പേർ വിദ്യാർഥികളാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റവരെയും ശ്വാസതടസ്സം നേരിട്ട നിരവധി പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്.

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. എം 23 മൂവ്‌മെന്റ് (AFC/M23) എന്ന വിമത സായുധ സംഘത്തിന്റെ പൂർണ നിയന്ത്രണത്തിലുള്ള നഗരമാണ് ബുക്കാവു. ഇവിടത്തെ അസ്ഥിരമായ  സാഹചര്യം രക്ഷാപ്രവർത്തനങ്ങളെയും വിവരശേഖരണത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. സംഭവത്തിൽ പ്രാദേശിക അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Congo School Fire: At Least 17 Dead in Bukavu Tragedy A catastrophic fire broke out at a building housing the Ujamaa and Furaah schools in the rebel-held city of Bukavu, Democratic Republic of the Congo. At least 17 people lost their lives, including 15 students who died primarily in a chaotic stampede while attempting to flee the smoke-filled classrooms. Multiple victims suffering from severe burns and smoke inhalation are undergoing emergency treatment, with medical sources warning the provisional death toll could rise. The disaster occurred in South Kivu province, an area currently controlled by the March 23 Movement (AFC/M23) rebel group.