അങ്കമാലി ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷൻ റോഡിനും സമീപമുള്ള പ്രമുഖ സൂപ്പർമാർക്കറ്റിന്റെ ഗോഡൗണിൽ വൻ തീപിടിത്തം. അപകടത്തിൽ ഗോഡൗൺ പൂർണ്ണമായും കത്തിനശിക്കുകയും ഓണവിപണി ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ സാധന സാമഗ്രികൾ ചാമ്പലാകുകയും ചെയ്തു. അപകടസമയത്ത് ഗോഡൗണിലുണ്ടായിരുന്ന ജീവനക്കാരും തൊഴിലാളികളും ഉടനടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപകടങ്ങളും ഒഴിവായി.
സംഭവം ഉണ്ടായ ഉടൻ തന്നെ അങ്കമാലിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഓണക്കാലമായതിനാൽ വൻതോതിൽ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ കത്തി പുക ഉയർന്നത് പ്രദേശത്ത് ഭീതി പരത്തി.
ടൗണിലെ മറ്റ് കടകളിലേക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും തീ പടരാതിരിക്കാൻ അഗ്നിശമന സേന ജാഗ്രത പുലർത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തേക്ക് എത്തും.
ദേശീയപാതയിൽ നിന്ന് അല്പം ഉള്ളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാൽ ദേശീയപാതയിലെ ഗതാഗതത്തെ അപകടം ബാധിച്ചിട്ടില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്നിശമന സേനയും ചേർന്നാണ് നിലവിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപകടസ്ഥലത്തേക്ക് പൊതുജനങ്ങൾ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ പോലീസ് കടുത്ത സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.