ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രചരിക്കുന്ന ജനനേന്ദ്രിയ മോഷണം സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പെരുകുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയ്ക്ക് പിന്നാലെ 2025 ഒക്ടോബര്‍ മുതല്‍ 2026 ജൂലൈ വരെ 80 പേരാണ് കൊല്ലപ്പെട്ടത്. കോംഗോ, ബുറുണ്ടി, സാംബിയ, ടാൻസാനിയ, മൊസാംബിക്, അംഗോള, മലാവി, കെനിയ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ തന്നെ പ്രചാരത്തിലുള്ള 'ജനനേന്ദ്രിയ മോഷണം' ആണ് ആക്രമണങ്ങള്‍ക്ക് കാരണമാകുന്നത്.
മറ്റൊരാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ലൈംഗികാവയവം ചുരുങ്ങുകയോ കാണാതാവുകയോ ചെയ്യുന്നു എന്നാണ് പ്രചാരണം. ജനനേന്ദ്രിയം മോഷ്ടിച്ചുവെന്നാരോപിക്കപ്പെട്ട് വ്യക്തികളെ ആൾക്കൂട്ടം ചോദ്യം ചെയ്യുകയും പല സംഭവങ്ങളിലും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു എന്നാണ് ബിസിസി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആഫ്രിക്കന്‍ സമൂഹങ്ങളില്‍ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും മന്ത്രവാദത്തെ ചുറ്റിപ്പറ്റിയുള്ള ഭയങ്ങളുമാണ് പ്രചാരണത്തിന് പിന്നില്‍.
മറ്റൊരു വ്യക്തിയുമായി സമ്പർക്കം പുലർത്തിയ ശേഷം ഒരാളുടെ ജനനേന്ദ്രിയങ്ങൾ അപ്രത്യക്ഷമാകുകയോ ചെറുതാകുകയോ ചെയ്‌തുവെന്ന അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയാണ് കിംവദന്തികൾ പ്രചരിക്കുന്നത്. തുടർന്ന് സമീപത്തുള്ള ആരോ അവ മോഷ്ടിച്ചതായി ആ വ്യക്തി ആരോപിക്കുന്നതാണ് പല സംഭവങ്ങളിലും നടന്നിട്ടുള്ളത്. 2008 ലും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് കോംഗോയിൽ നിന്നാണ് ഈ പ്രചാരണങ്ങള്‍ ഉത്ഭവിച്ചതെന്നാണ് വിവരം.
ടാന്‍സാനിയയില്‍ മെക്കാനിക്കായ ബൊനിഫേസ് മാഗ്‍ല തനിക്കു നേരിട്ട അനുഭവം പങ്കുവെയ്ക്കുന്നതിങ്ങനെ. 'ഏതോ ഒരാളുടെ ജനനേന്ദ്രിയം മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരു കൂട്ടം ഞങ്ങളോട് തട്ടികയറി. രക്ഷപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല, അത്രയ്ക്ക് ആള്‍ക്കൂട്ടമാണ് വളഞ്ഞത്'. ഏപ്രില്‍ ഒന്നിന് തുന്‍ഡുമ എന്ന സ്ഥലത്ത് ഒരു കാര്‍ വില്‍പനയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയപ്പോഴാണ് ബൊനിഫേസ് ആക്രമിക്കപ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തിയ സമയത്ത് ഒരു സംഘമെത്തി ജനനേന്ദ്രിയം മോഷ്ടിച്ചു എന്ന് ആരോപിക്കുകയായിരുന്നു.
വ്യാജവാര്‍ത്ത പ്രചരിക്കുന്ന രാജ്യങ്ങളില്‍ മൊസാംബിക്കിലാണ് സ്ഥിതി ഗുരുതരം. ആറാഴ്ചയ്ക്കിടെ 55 പേരാണ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാജപ്രചാരണങ്ങളിലും അതിന്‍റെ ഫലമായുണ്ടാകുന്ന മരണങ്ങളിലും മൊസാംബിക് പ്രസിഡന്റ് ഡാനിയേൽ ചാപ്പോ അപലപിച്ചു. ആരുടെയെങ്കിലും ശരീരഭാഗം നഷ്ടപ്പെട്ടതായി മെഡിക്കൽ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി. കെനിയയിലെ തീരദേശ മേഖലയായ ക്വാലെ, മൊംബാസ എന്നിവിടങ്ങളിൽ ജനക്കൂട്ടം അഞ്ച് പേരെ കൊലപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ റീച്ചിനുവേണ്ടി കണ്ടന്‍റ് ക്രിയേറ്റര്‍മാരുണ്ടാക്കിയ വിഡിയോയാണ് ഇവിടെ പ്രശ്നമുണ്ടാക്കിയത്