ടാൻസാനിയൻ അതിർത്തിയോടു ചേർന്ന തെക്കൻ കെനിയയിലെ അംബോസെലി വനമേഖലയില്‍ ആനകള്‍ വീണു മരിക്കുന്ന കാഴ്ച പതിവാകുന്നു. കജിയാഡോ കൗണ്ടിയിലെ അംബോസെലി ദേശീയോദ്യാനം, കിമാന വന്യജീവി സങ്കേതം, കുകു റാഞ്ച് എന്നിവിടങ്ങളിലായാണ് ആനകളുടെ ജഡങ്ങൾ കണ്ടെത്തിയത്. തളര്‍ന്ന് നിലത്തുവീഴുന്ന ആനകള്‍ എഴുന്നേല്‍ക്കാനാകാതെ വട്ടംകറങ്ങി പിടഞ്ഞാണ് മരണത്തിന് കീഴടങ്ങുന്നത്. ഒന്നര മാസത്തിനിടെ 20 ആനകള്‍ ചരിഞ്ഞു. ഇതില്‍ അഞ്ചെണ്ണം കൊമ്പന്‍മാരാണ്. ബാക്കിയെല്ലാം പിടിയാനകളും കുട്ടിയാനകളും.
ജൂൺ അവസാനം മുതലാണ് മേഖല അപൂര്‍വരോഗത്തിന്‍റെ പിടിയിലാകുന്നത്. ശരീരം ഭാഗികമായി തളർന്നുപോകുന്നതിനാൽ എഴുന്നേറ്റുനിൽക്കാൻ കഴിയാതെയാണ് ഇവയുടെ അന്ത്യം. ഏകദേശം 1600-നും 2000-നും ഇടയിൽ ആനകളുള്ള ആവാസവ്യവസ്ഥയാണ് അംബോസെലിയിലേത്. വേട്ടയാടൽ കർശനമായി നിയന്ത്രിച്ച ഇവിടെ, ഇത്രയധികം ആനകൾ ഒന്നിച്ചു ചരിയുന്നത് ആദ്യമായാണ്.
മരണകാരണം സയനൈഡ് സാന്നിധ്യം
ചരിഞ്ഞ ആനകളുടെ ജഡത്തിൽ കൂടിയ അളവിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതായി കെനിയ വൈൽഡ്‌ലൈഫ് സർവീസ് സ്ഥിരീകരിച്ചു. നയ്റോബി സർവകലാശാലയിലെ ലാബ് പരിശോധനയിൽ പല ജഡാവശിഷ്ടങ്ങളിലും വിഷാംശം കണ്ടെത്തി. ആനകളുടെ ദഹനേന്ദ്രിയങ്ങളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതായി കെഡബ്ല്യുഎസ് ഡയറക്ടർ ജനറൽ പ്രഫ. എറസ്റ്റസ് കംഗ പറഞ്ഞു. മരണകാരണം സൈനൈഡ് സാന്നിധ്യമെന്നാണ് വിലയിരുത്തില്‍
തക്കാളിക്കൊതി കൊലവിളിയായി
സമീപത്തെ തക്കാളി ഫാമുകളിൽ തളിക്കുന്ന കീടനാശിനികളാകാം വിഷത്തിന്റെ ഉറവിടമെന്നാണ് നിഗമനം. തക്കാളി കൃഷിക്ക് പേരുകേട്ട സ്ഥലമാണ് കിമാന ടൗൺ. ചരിഞ്ഞ ഒരാനയുടെ ആമാശയത്തിൽ നിന്ന് ധാരാളം തക്കാളിയുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നു. കാടുകളില്‍നിന്ന് ആനകള്‍ കൂട്ടത്തോടെ സമീപത്തെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത് പതിവാണ്. കാർഷിക മേഖലയിൽ കീടനാശിനിയായും എലിവിഷമായുമെല്ലാം സയനൈഡ് സംയുക്തങ്ങൾ ഉപയോഗിക്കാറുണ്ട്. കിമാനയിലെ ഫാമുകളിൽ കീടനാശിനിയായി സയനൈഡ് തന്നെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.