പത്തനംതിട്ട ജില്ലയിലെ കോന്നി–കല്ലേലി റോഡിന്റെ വശങ്ങൾ താഴ്ചയിലായതും പല ഭാഗങ്ങളിലും റോഡ് തകർന്നുതുടങ്ങിയതും അപകടങ്ങൾക്ക് വഴിവെക്കുന്നതായി നാട്ടുകാർ. വനമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിൽ പകലുപോലും കാട്ടാനയിറങ്ങുന്നത് യാത്രക്കാരുടെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കല്ലേലി ചെക്ക് പോസ്റ്റിൽ നിന്ന് പാലം വരെയുള്ള ഭാഗമാണ് ഏറ്റവും അപകടകരമെന്ന് നാട്ടുകാർ പറയുന്നു. റോഡ് ഉയർന്ന നിലയിലായതിനാൽ വശങ്ങളിൽ മണ്ണിട്ട് ബലപ്പെടുത്താത്തത് ചെറിയ വാഹനങ്ങൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കാട്ടാനയെ കണ്ടാൽ വാഹനം തിരിച്ച് രക്ഷപ്പെടാനും നിലവിലെ റോഡിന്റെ അവസ്ഥ കാരണം പ്രയാസമാണെന്ന് യാത്രക്കാർ പറയുന്നു. കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രം, കൊക്കാത്തോട്, അച്ചൻകോവിൽ, ആവണിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന മാർഗമാണ് ഈ റോഡ്.
പല ഭാഗങ്ങളിലും റോഡ് തകർന്നുതുടങ്ങിയതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. അടുത്തിടെ എക്സൈസ് സംഘവും കാട്ടാനക്കൂട്ടത്തിന് മുന്നിൽപ്പെട്ട സംഭവവും ഈ മേഖലയിലെ സുരക്ഷാ ആശങ്കകൾ വർധിപ്പിച്ചു. വനപാതയായതിനാൽ വനവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് അറ്റകുറ്റപ്പണികൾ വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ വശങ്ങൾ ബലപ്പെടുത്തുകയും തകർന്ന ഭാഗങ്ങൾ അടിയന്തരമായി നവീകരിക്കുകയും വേണമെന്നാണ് അവരുടെ ആവശ്യം.