Image: Kenya Red Cross/Handout via REUTERS

Image: Kenya Red Cross/Handout via REUTERS

വടക്കൻ കെനിയയിൽ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ തകർന്നു വീണ് ഏഴ് പേർ കൊല്ലപ്പെട്ടു. ഇക്വഡോര്‍ ദേശീയ ഇന്റലിജൻസ് മേധാവി മിഷേൽ സെൻസി-കോണ്ടൂഗി (42), അദ്ദേഹത്തിന്റെ ഭാര്യ സ്റ്റെഫാനി എന്നിവരും അഞ്ച് യു.എസ് പൗരന്മാരുമാണ് അപകടത്തിൽ മരിച്ചത്. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പൈലറ്റും ആറ് യാത്രക്കാരും ഉൾപ്പെടെ എല്ലാവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റ സ്ഥിരീകരിച്ചു.

കെനിയൻ തലസ്ഥാനമായ നെയ്‌റോബിക്ക് വടക്കുള്ള സാംബുരു കൗണ്ടിയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സാംബുരു പ്രദേശത്തെ പ്രശസ്തമായ ലോയ്സബ വൈൽഡ് ലൈഫ് റിസർവിൽ നിന്ന് പറന്നുയർന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. സാംബുരു ജനവിഭാഗത്തിന്റെ വിശുദ്ധ മലയായി കരുതപ്പെടുന്ന, സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരമുള്ള ഒലോലോക്വെ പർവത പ്രദേശത്തിന് സമീപമാണ് ഹെലികോപ്റ്റര്‍ തകർന്നുവീണത്. അപകടത്തെത്തുടർന്ന് ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു.

ഇക്വഡോർ പ്രസിഡന്റ് ഡാനിയൽ നൊബോവയുടെ അടുത്ത അനുയായിയും രാജ്യത്തെ പ്രമുഖ വ്യവസായിയുമാണ്  മിഷേൽ സെൻസി-കോണ്ടൂഗി. 2024-ലാണ് അദ്ദേഹം ഇക്വഡോറിന്റെ നാഷണൽ ഇന്റലിജൻസ് സെന്റർ മേധാവിയായി ചുമതലയേറ്റത്. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും വിയോഗം ഇക്വഡോർ ഗതാഗത മന്ത്രി റോബർട്ടോ ലൂക്കെ സോഷ്യൽ മീഡിയയായ എക്സിലൂടെ സ്ഥിരീകരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അപകടത്തിൽ മരിച്ച അഞ്ച് യു.എസ് പൗരന്മാരുടെ വിവരങ്ങൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പൂർണ്ണമായി പുറത്തുവിട്ടിട്ടില്ല.

സാംബുരു പ്രദേശത്തെ ദുർഘടമായ മലനിരകളും അപകടസ്ഥലത്തുണ്ടായ തീപിടിത്തവുമാണ് രക്ഷാപ്രവർത്തനത്തിന് പ്രധാന തടസ്സമായതെന്ന് കെനിയൻ റെഡ് ക്രോസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെക്കേണ്ടിയും വന്നിരുന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A tragic helicopter crash in northern Kenya's Samburu County resulted in the deaths of seven people, including tourists and high-profile officials. The victims include Ecuador's national intelligence chief Michelle Sensi-Contugi, his wife Stephanie, and five U.S. citizens. The aircraft went down near Mount Ololokwe after departing from the Loisaba Wildlife Reserve, sparking a post-crash fire that hampered rescue efforts. Kenyan authorities have launched a detailed investigation into the incident, while officials from Ecuador have confirmed the tragic loss.