Image Credit: X/world24x7hr
അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നത് ഇറാന്‍റെ ആക്രമണത്തിലെന്ന് സൂചനയുമായി രാജ്യാന്തര റിപ്പോര്‍ട്ടുകള്‍. പതിവ് പറക്കലിനിടെ ടെക്സസിലെ സലാഡോയില്‍ AH-64 അപാഷെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത് ഇറാന്‍റെ ആക്രമണത്തിലാണെന്ന് സംശയിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍ട്ട്ഫുഡിലേക്ക് പറന്ന ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റുമാരും കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അഗ്നിഗോളമായി കൃഷിയിടത്തിലേക്ക് വീണ ഹെലികോപ്ടര്‍ വ്യാപക കാട്ടുതീയ്ക്കും കാരണമായി. 100 ഏക്കറോളം സ്ഥലം കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എങ്ങനെയാണ് ഇറാന്‍ ആക്രമിച്ചതെന്ന വിവരം റിപ്പോര്‍ട്ടിലില്ല.
അതേസമയം, ഹെലികോപ്ടര്‍ തകര്‍ന്ന് കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങള്‍ യുഎസ് സൈന്യം പുറത്തുവിട്ടിട്ടില്ല. അപകടകാരണവും യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്ടറിന്‍റെ ഭാഗങ്ങള്‍ തീ പിടിച്ച് കത്തുന്നതും കനത്ത പുക ഉയരുന്നതും അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, ട്രംപിന്‍റെ ഭരണകാലം തീരും വരെ യുദ്ധം തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി. സമാധാനത്തിലെത്തിച്ചേരാന്‍ ട്രംപിന് താല്‍പര്യമില്ലെങ്കില്‍ ട്രംപിന്‍റെ ഭരണകാലം മുഴുവന്‍ യുദ്ധം ചെയ്യുമെന്നും ഇറാനെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നും ഐആര്‍ജിസി കമാന്‍ഡറുടെ ഉപദേഷ്ടാവ് മുഹമ്മദ് റാസ നഖ്ദി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരായ യുദ്ധം ഇറാനാണ് ജയിച്ചതെന്നതില്‍ തര്‍ക്കമില്ലെന്ന് പറഞ്ഞ നഖ്ദി, യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക നഷ്ടപരിഹാരം നല്‍കണമെന്നും ആവര്‍ത്തിച്ചു. യുഎസുമായുള്ള യുദ്ധം നീണ്ടു പോയാല്‍ നേരിടാനുള്ള കരുത്ത് ഇറാനുണ്ടെന്നും ഇനിയാരും ഇറാനെ ആക്രമിക്കാന്‍ തുനിയാതെ നോക്കാന്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ മിസൈലുകള്‍ ഇറാന്‍ തയാറാക്കിയിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ യുദ്ധം നീണ്ടാലും ആയുധശേഖരത്തെ ബാധിക്കില്ലെന്നും ഇനി മിസൈലുകള്‍ തീര്‍ന്നുപോകുന്ന ഒരു ദിവസമുണ്ടായാല്‍ അന്നത്തെ ഇറാനെയാകും അമേരിക്ക ഏറ്റവുമധികം ഭയക്കേണ്ടതെന്നും നഖ്ദി വെളിപ്പെടുത്തി.